കൊച്ചി: ദേശീയ ആരോഗ്യ ദൗത്യത്തിന് (എന്‍എച്ച്എം) കീഴില്‍ ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍. ജോലിയില്‍ മികവ് പോരെന്ന് കാട്ടി ഓരോ ജില്ലയിലും മൂന്നുമുതല്‍ ആറുവരെ ജീവനക്കാരെ സംസ്ഥാന മിഷന്‍ ഇതിനകം പിരിച്ചുവിട്ടു. നൂറില്‍പ്പരം ജീവനക്കാര്‍ക്ക് മൂന്നുമാസം മാത്രമാണ് കരാര്‍ പുതുക്കി നല്‍കിയത്. മികവ് തെളിയിച്ചില്ലെങ്കില്‍ ഇവര്‍ക്കും ജോലി നഷ്ടമാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നല്‍കുന്നത്.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍, പാലിയേറ്റീവ് കെയര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവരാണ് പിരിച്ചുവിടപ്പെട്ടവരിലേറെയും. 125 മാര്‍ക്കാണ് ജീവനക്കാരുടെ മികവ് വിലയിരുത്താനായി നിശ്ചയിച്ചിരുന്നത്. ഇതില്‍ 60 ശതമാനം മാര്‍ക്ക് നേടാത്തവര്‍ക്കാണ് ജോലി നഷ്ടമായത്. 75 ശതമാനത്തിനും 80 ശതമാനത്തിനും ഇടയില്‍ മാര്‍ക്ക് നേടിയവരുടെ കരാര്‍ മൂന്നുമാസത്തേക്ക് മാത്രമാണ് പുതുക്കിയത്. നേരത്തെ എല്ലാ ജീവനക്കാര്‍ക്കും ഒരുവര്‍ഷം വരെ കാലാവധിയിലാണ് കരാര്‍ പുതുക്കി നല്‍കിയിരുന്നത്. മൂന്നുമാസത്തെ മികവ് കൂടി വിലയിരുത്തി ഇവരുടെ കരാര്‍ പുതുക്കണോയെന്ന് അതത് ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ തീരുമാനമെടുക്കും.
നേരത്തെ 60 വയസ്സ് കഴിഞ്ഞവരുടെ കരാറും പുതുക്കി നല്‍കിയിരുന്നു. എന്നാല്‍, ഈ വര്‍ഷം 60 വയസ്സ് കഴിഞ്ഞവരുടെ കരാറും പുതുക്കിയിട്ടില്ല. ഡോക്ടര്‍മാരെ മാത്രമാണ് മികവ് വിലയിരുത്തലില്‍ നിന്ന് ഒഴിവാക്കിയത്. നിലവിലുള്ള ഡോക്ടര്‍മാരെ പിരിച്ചുവിട്ടാല്‍ നിയമിക്കാന്‍ ആളെ കിട്ടില്ലെന്ന തിരിച്ചറിവാണ് ഇതിന് പിന്നില്‍.
എന്‍എച്ച്എം കാലാവധി 2017 മാര്‍ച്ച് 31ന് അവസാനിച്ചിരുന്നു. എന്നാല്‍, നഗര-ഗ്രാമീണ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനായി കേന്ദ്രം എന്‍.എച്ച്.എമ്മിന്റെ കാലാവധി വീണ്ടും നീട്ടുകയായിരുന്നു.
















