ന്യൂദല്‍ഹി: കേരളത്തിലെ മാര്‍ക്‌സിസ്റ്റ് ഭീകരതക്കെതിരെ ദേശീയതലത്തില്‍ പ്രതിഷേധവും പ്രചാരണവും ശക്തമാക്കാന്‍ ആര്‍എസ്എസ് തീരുമാനം. കണ്ണൂരിലെ സിപിഎം അക്രമത്തിലെ ഇരുപതോളം ഇരകളുമായി സഹസര്‍കാര്യവാഹ് ഡോ.കൃഷ്ണഗോപാല്‍ ദല്‍ഹിയില്‍ പത്രസമ്മേളനം നടത്തി.
സര്‍ക്കാര്‍ പിന്തുണയോടെ കേരളത്തില്‍ ഇതര രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്കെതിരെ സിപിഎം നടത്തുന്ന അക്രമം പ്രാദേശികമല്ലെന്നും രാജ്യവ്യാപകമായി പ്രതിഷേധം ശക്തിപ്പെടേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക് സ്വാധീനമുള്ളിടത്ത് അക്രമവും അല്ലാത്തിടത്ത് മനുഷ്യാവകാശത്തിന്റെ വക്താക്കളുമാണ് സിപിഎം. ഈ ഇരട്ടത്താപ്പ് കേരളത്തിന് പുറത്തുള്ളവര്‍ തിരിച്ചറിയണം.
പിണറായി സര്‍ക്കാര്‍ ഭരണത്തിലെത്തിയതിന് ശേഷം അക്രമം വര്‍ദ്ധിച്ചു. സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തിനെതിരെ ദേശീയതലത്തില്‍ എണ്ണൂറിലേറെ പരിപാടികള്‍ സംഘടിപ്പിച്ചു. നാലരലക്ഷത്തിലേറെ ആളുകള്‍ പങ്കെടുത്തു. മനുഷ്യാവകാശ കമ്മീഷനില്‍ നല്‍കിയ എട്ടിലേറെ പരാതികളില്‍ അന്വേഷണം നടക്കുന്നു. സുപ്രീംകോടതിയിലും നിരവധി കേസുകള്‍ നല്‍കിയിട്ടുണ്ട്. പ്രചാരണത്തിനും പ്രതിഷേധത്തിനും പുറമെ നിയമപരമായ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തും. അദ്ദേഹം വ്യക്തമാക്കി.
ആര്‍എസ്എസ് സര്‍സംഘചാലകായിരുന്ന ഗുരുജി ഗോള്‍വള്‍ക്കറെ ആക്രമിച്ചാണ് കേരളത്തില്‍ കമ്യൂണിസ്റ്റുകാര്‍ അക്രമരാഷ്‌ട്രീയം ആരംഭിച്ചതെന്ന് പ്രജ്ഞാപ്രവാഹ് സംയോജകന്‍ ജെ.നന്ദകുമാര്‍ ചൂണ്ടിക്കാട്ടി. ആര്‍എസ്എസ്സിന് സ്വാധീനമുള്ള ഒരിടത്തും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആക്രമിക്കപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദല്‍ഹി പ്രാന്ത കാര്യവാഹ് ഭരത് ഭൂഷണ്‍, പ്രാന്ത പ്രചാര്‍ പ്രമുഖ് രാജീവ് തൂളി, പയ്യന്നൂരില്‍ കൊല്ലപ്പെട്ട ബിഎംഎസ് നേതാവ് രാമചന്ദ്രന്റെ മക്കളായ ദേവാംഗന, ദേവദത്ത്, ഭാര്യ രജനി, പിണറായിയില്‍ കൊല്ലപ്പെട്ട രമിത്തിന്റെ അമ്മയും ഉത്തമന്റെ ഭാര്യയുമായ നാരായണി, അണ്ടല്ലൂര്‍ സന്തോഷിന്റെ മകള്‍ വിസ്മയ, അക്രമത്തിനിരയായ ശ്രീധരന്‍, ഷാജി, രൈജേഷ്, കണ്ണൂര്‍ വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍, കണ്ണൂര്‍ ജില്ലാ സഹകാര്യവാഹ് സോഹന്‍ലാല്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
കണ്ണൂരിലെ സിപിഎം അക്രമം ഭരണകൂട ഭീകരതയാണെന്ന വിലയിരുത്തലാണ് ആര്‍എസ്എസ് കേന്ദ്ര നേതൃത്വത്തിനുള്ളത്. വിഷയത്തില്‍ മുഴുവന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് പലതവണ പ്രതിഷേധക്കാരെ അഭിമുഖീകരിക്കേണ്ടി വന്നു. തങ്ങളുടെ വിഷമങ്ങള്‍ പങ്കുവെക്കാന്‍ ഒരാഴ്ചയിലേറെയായി കണ്ണൂരിലെ ഇരകള്‍ തലസ്ഥാനത്തുണ്ട്. കേരളത്തിന് പുറത്തുള്ള ബുദ്ധിജീവികളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധക്ഷണിക്കാന്‍ ഇരകളെ പങ്കെടുപ്പിച്ച് നിരവധി പരിപാടികള്‍ നടന്നു.
ദല്‍ഹി യൂണിവേഴ്‌സിറ്റി, ജെഎന്‍യു, കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് എന്നിവിടങ്ങളില്‍ സെമിനാര്‍ നടത്തി. രാജ്‌നാഥ് സിംഗ് ഉള്‍പ്പെടെയുള്ള മന്ത്രിമാരെയും നിരവധി എംപിമാരെയും സന്ദര്‍ശിച്ചു. വിദ്യാഭ്യാസ മേഖലയിലുള്ളവരുമായി സംവാദം സംഘടിപ്പിച്ചു. മനുഷ്യാവകാശ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെയും ഇവര്‍ നീതിതേടി സമീപിച്ചു.
















