കാസര്‍കോട്: ഭീകര സംഘടന ഐഎസിന്റെ അഫ്ഗാനിസ്ഥാനിലുള്ള കേന്ദ്രത്തില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ ഒരു മലയാളി കൂടി കൊല്ലപ്പെട്ടു. കാസര്‍കോട് പടന്ന വടക്കേപുറത്തെ ടി.കെ. മുര്‍ഷിദ് മുഹമ്മദ് (25) കൊല്ലപ്പെട്ടതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. അഫ്ഗാനിസ്ഥാനില്‍ വച്ച് മാസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട പടന്നയിലെ ഹഫീസുദ്ദീന്റെ ബന്ധുവും പൊതുപ്രവര്‍ത്തകനുമായ ബി.സി.എ റഹ്മാന്റെ ഫോണിലാണ് ടെലഗ്രാം ആപ്പ് വഴി മുര്‍ഷിദ് മരിച്ചെന്ന സന്ദേശമെത്തിയത്.
ഐഎസില്‍ ചേരാനായി കാസര്‍കോട് ജില്ലയില്‍ നിന്ന് അഫ്ഗാനിസ്ഥാനിലെത്തിയ 17 പേരില്‍ ഒരാളാണ് മുര്‍ഷിദ്. മുന്‍പ് കാണാതായ തൃക്കരിപ്പൂര്‍ പടന്ന സ്വദേശി അഷ്ഫാഖ് മജീദാണ് സന്ദേശം അയച്ചത്. തങ്ങള്‍ക്ക് ഇവിടെ സന്തോഷകരമായ ജീവിതമാണ് ഉള്ളതെന്നും അള്ളാഹുവിന്റെ ഇച്ഛയ്ക്കനുസരിച്ചാണ് മുര്‍ഷിദിന്റെ മരണം സംഭവിച്ചിട്ടുള്ളതെന്നും സന്ദേശത്തില്‍ പറയുന്നു.
വ്യാഴാഴ്ച രാത്രിയാണ് ‘ബോംബുകളുടെ അമ്മ’ എന്നറിയപ്പെടുന്ന ജിബിയു-43 ബോംബ് ഐഎസ് കേന്ദ്രത്തില്‍ അമേരിക്ക വര്‍ഷിച്ചത്. 11 ടണ്‍ ഭാരമുള്ള ജിബിയു-43 ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ ആണവേതര ബോംബാണ്. ഐഎസ് ഒളികേന്ദ്രങ്ങളില്‍ ജിബിയു-43 ബോംബ് പ്രയോഗിച്ചതായി അഫ്ഗാനിസ്ഥാലെ യുഎസ് ജനറല്‍ ജോണ്‍ നിക്കോള്‍സണ്‍ സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ടത് 90 ഐഎസ് ഭീകരര്‍
ജലാലാബാദ്: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയിലെ ഐഎസ് ഭീകര ക്യാമ്പിലേക്ക് യുഎസ് നടത്തിയ ബോംബാക്രമണത്തില്‍ മരണം തൊണ്ണൂറായി. കേരളത്തില്‍ നിന്ന് ഐഎസില്‍ ചേരാന്‍ പോയവരുള്‍പ്പെടെ കൊല്ലപ്പെട്ടിരിക്കാമെന്ന് റിപ്പോര്‍ട്ട്.
ഐഎസ് ഭീകരര്‍ താവളമടിച്ചിരുന്ന മലമടക്കുകളിലെ ഭൂഗര്‍ഭ ബങ്കറുകളിലേക്കാണ് എംസി-130 വിമാനങ്ങളില്‍ നിന്ന് ബോംബ് വര്‍ഷിച്ചത്. ദൗത്യം വിജയകരമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. 36 പേര് കൊല്ലപ്പെട്ടുവെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍, മരണം തൊണ്ണൂറെന്ന് നംഗഹാര്‍ പ്രവിശ്യ വക്താവ് അതുള്ള ഖൊഗ്യാനി ഔദ്യോഗികമായി വ്യക്തമാക്കി. സൈനികരോ സാധാരണക്കാരോ കൊല്ലപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















