നിലമ്പൂര്‍: വുഡ് കോംപ്ലക്സും പരിസരവും സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാകുമ്പോള്‍ വനംവകുപ്പ് മൗനം തുടരുകയാണ്. സംസ്ഥാനത്തെ വനംവകുപ്പിനു കീഴിലെ ഏക പൊതുമേഖല സ്ഥാപനമായിരുന്ന വുഡ് ഇന്‍ഡസ്ട്രീസ് അടച്ചുപൂട്ടിയതോടെ ഈ പ്രദേശം മേഖലയിലെ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. മദ്യപന്മാരും അനാശാസ്യ പ്രവര്‍ത്തനങ്ങളും വുഡ് കോംപ്ലക്സിന്റെ പഴയ കെട്ടിടങ്ങളിലാണ് നടക്കുന്നത്.
കാടുമൂടി കിടക്കുന്ന ഇവിടുത്തെ പഴയ ക്വാട്ടേഴ്സുകളും വനംവകുപ്പിന്റെ ആദ്യത്തെ ഇന്സ്പെക്ഷന് ബംഗ്ലാവും മുക്കാല്‍ ഭാഗവും തകര്‍ന്ന നിലയിലാണ്. കഴിഞ്ഞ ദിവസം കരിമ്പന്‍ ജ്യൂസ് വില്പനക്കാരനായ ഫൈസല്‍ കൊല്ലപ്പെട്ടതും ഇവിടെയാണ്. ഇതിനു സമീപം അഞ്ചു ദിവസം പഴക്കമുള്ള 35ക്കാരിയുടെ മൃതദേഹവും മുമ്പ് കണ്ടെത്തിയിരുന്നുവെങ്കിലും ഇതുവരെ തിരിച്ചറിഞ്ഞിട്ടുപോലുമില്ല. ഇത്രയും പ്രശ്നങ്ങളുണ്ടായിട്ടും വനംവകുപ്പ് ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.
മാസങ്ങള്‍ക്ക് മുമ്പ് ഇവിടം സന്ദര്‍ശിച്ച വനം മന്ത്രി അഡ്വ. കെ. രാജു ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ഈ ഭാഗം പ്രയോജനപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. വടപുറം പാലം മുതല്‍ കോടതിപ്പടി വരെയുള്ള ഭാഗങ്ങളില്‍ ജനവാസമില്ലാത്തതും, തെരുവുവിളക്കുകള്‍ ഇല്ലാത്തതും രാത്രി-പകല്‍ വ്യത്യാസമില്ലാതെ സാമൂഹ്യവിരുദ്ധര്‍ക്ക് ഇവിടം അഴിഞ്ഞാടാന്‍ അവസരമൊരുക്കുകയാണ്.
വനമേഖലയുടെ സംരക്ഷണം അവകാശപ്പെടുമ്പോഴും ഒരു ലൈസന്‍സും ഇല്ലാതെ വനഭൂമിയോട് ചേര്‍ന്ന് റോഡരികില്‍ നിരവധി താലകാലിക കച്ചവടങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഫൈസലും ഇവിടെ കരിമ്പ് ജ്യൂസ് കട നടത്തിവരികയായിരുന്നു. സുപ്രീ കോടതി വിധിയെ തുടര്‍ന്ന് കോടതിപ്പടിക്ക് സമീപം പ്രവര്‍ത്തിച്ചുവരുന്ന ബീവറേജസ് കേന്ദ്രം താല്കാലികമായി അടച്ചപ്പോള്‍ ബദല്‍ സംവിധാനം ഒരുക്കാന്‍ ലക്ഷ്യമിട്ടതും ഈ വനഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന സ്വകാര്യ ഭൂമിയിലായിരുന്നു. എന്നാല്‍ വനംവകുപ്പിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് എക്സൈസ് വകുപ്പ് തീരുമാനത്തില്‍ നിന്നും പിന്മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: