പന്തീരാങ്കാവ്: കത്തുന്ന വെയില്‍ വരള്‍ച്ചയില്‍ കുടിവെള്ളത്തിനായി ജനങ്ങള്‍ വലയുമ്പോള്‍ നാടിനുതന്നെ മാതൃകയായി മാറുകയാണ് വെസ്റ്റ്പന്തീരാങ്കാവിലെ ഒരുകൂട്ടം യുവാക്കളുടെ സേവനം. വേനല്‍ കടുത്തതോടുകൂടി വറ്റിത്തുടങ്ങിയ കിണറുകളുടെ ആഴം കൂട്ടിയും ചെളിയും മണ്ണും മാറ്റി പുതിയ ഉറവകള്‍ തുറന്നുവിട്ടുമാണ് യുവാക്കള്‍ ജലക്ഷാമത്തിന് അറുതിവരുത്താന്‍ ശ്രമിക്കുന്നത്. ഇതിനോടകം ഇരുപതോളം കിണറുകള്‍ യുവാക്കള്‍ കുഴിച്ചുകൊടുത്തു. കിണര്‍ കുഴിക്കാന്‍ വേണ്ട പണിസാധനങ്ങളും മറ്റുമെല്ലാം സ്വന്തം ചെലവില്‍ തന്നെ വാങ്ങിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. കിണര്‍ കുഴിക്കുന്നതുകൂടാതെ കുടിവെള്ളക്ഷാമം രൂക്ഷമായ പന്തീരാങ്കാവ്, മാങ്ങാട് പ്രദേശത്തേക്ക് പ്രതിദിനം 4000 ലിറ്റര്‍ വെള്ളം കുന്ദമംഗലത്തുനിന്നും വണ്ടിയിലെത്തിച്ചും ഇവര്‍ വിതരണം ചെയ്യുന്നുണ്ട്. പി. സുജീഷ്‌കുമാര്‍, കെ. ഷൈജു, പി. അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഈ മാതൃകാപ്രവര്‍ത്തനം നടക്കുന്നത്.
















