കൊച്ചി: ഓണക്കാലത്ത് പച്ചക്കറി കൊടുത്ത കര്‍ഷകര്‍ക്ക് ഹോര്‍ട്ടികോര്‍പ്പ് പണം നല്‍കിയില്ല. ഓരോ ജില്ലയിലും അഞ്ചുലക്ഷം മുതല്‍ 50 ലക്ഷം വരെയാണ് കൊടുക്കാനുള്ളത്. കൃത്യമായി പണം കിട്ടാത്തതിനാല്‍ ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി നല്കുന്നതില് നിന്ന് ജൈവകര്‍ഷകരില്‍ പലരും വിട്ടുനില്‍ക്കുകയാണ്.
ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറി വിപണനവുമായി ബന്ധപ്പെട്ട് വന്‍ ക്രമക്കേടുകള്‍ നടന്നതായി പുതിയ ഭരണസമിതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഓരോ ജില്ലയിലും അന്വേഷണം നടന്നുവരികയാണ്. ചിലയിടങ്ങളില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയും സ്വീകരിച്ചു. ഇതാണ് ജൈവകര്‍ഷകരുടെ പണം നല്‍കുന്നതിന് തടസ്സമെന്നാണ് സൂചന. എന്നാല്‍, ഫണ്ടില്ലാത്തതാണ് ഓണക്കാലത്ത് പച്ചക്കറി നല്കിയ വന്‍കിട സംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കും പണം നല്‍കാത്തതിന് പിന്നിലെന്നാണ് ജീവനക്കാര്‍ പറയുന്നത്.
വ്യാജ ബില്ലുപയോഗിച്ച് ഹോര്‍ട്ടികോര്‍പ്പിലെ ഒരു വിഭാഗം ജീവനക്കാര്‍ ജൈവപച്ചക്കറി കര്‍ഷകരുടെ പേരില്‍ പണം തട്ടുന്നതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് 500 രൂപയ്ക്കു മേലുള്ള ബില്ലുകള്‍ സംസ്ഥാന ഓഫീസ് വഴി മാത്രമേ മാറ്റി നല്‍കൂ എന്ന നിബന്ധന ഹോര്‍ട്ടികോര്‍പ്പ് മുന്നോട്ടുവെച്ചു. ഇതോടെ ചെറുകിട കര്‍ഷകരും വെട്ടിലായി. 1000 രൂപയുടെ പച്ചക്കറി നല്കിയാല് സംസ്ഥാന ഓഫീസില്‍ നിന്ന് പണം പാസായി വരുന്നതുവരെ കാത്തിരിക്കണം. ഇതിനിപ്പോള്‍ 15 ദിവസം വരെ വേണ്ടിവരും. ഇതോടെ, പല ജൈവ കര്‍ഷകരും സ്വകാര്യ ചന്തയില്‍ സാധനങ്ങള്‍ വില്‍ക്കുകയാണ്.
നേരത്തെ ജൈവപച്ചക്കറി നല്കിയ കര്‍ഷകരില്‍ പലരും കൊഴിഞ്ഞുപോയതോടെ ഹോര്‍ട്ടികോര്‍പ്പിലെ പച്ചക്കറി വില്പനയും പ്രതിസന്ധിയിലായിട്ടുണ്ട്. ഇപ്പോള്‍ തമിഴ്നാട്ടില്‍ നിന്ന് കൂടുതല്‍ പച്ചക്കറി എത്തിക്കാനാണ് നീക്കം നടക്കുന്നത്.
















