കൊച്ചി: എറണാകുളത്തെ ഓഫീസ് ജീവനകാര്‍ക്കും, മറ്റ് സ്ഥിരം യാത്രക്കാര്‍ക്കും ആശ്വാസമായി 20 മുതല്‍ പാലരുവി എക്‌സ്പ്രസ് ഓടി തുടങ്ങും. വേണാട് എക്‌സ്പ്രസ്സിനെ മാത്രം ആശ്രയിച്ചിരുന്ന നൂറ് കണക്കിന് യാത്രകാര്‍ക്കാണ് പുതിയ സര്‍വീസ് പ്രയോജനകരമാകുന്നത്. പുനലൂരില്‍ നിന്ന് കോട്ടയം വഴി പാലക്കാട്ടേക്കാണ് ട്രെയിന്‍ ഓടുന്നത്. റെയില്‍വേയുടെ സമയപ്രകാരം വേണാട് 10 മണിക്കാണ് എറണാകുളത്ത് എത്തുന്നത്. ട്രെയിന്‍ പലപ്പോഴും വൈകുമെന്നതിനാല്‍ യാത്രകാര്‍ക്ക് കൃത്യം 10 മണിക്ക് ഓഫീസിലും, ബന്ധപ്പെട്ട സ്ഥാപനങ്ങളിലുമെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇതിന് പുറമേ വൈകിട്ട് അഞ്ചിന് എറണാകുളത്ത് നിന്ന് വേണാട് പോയി കഴിഞ്ഞാല്‍ പിന്നെ കോട്ടയം വഴി കൊല്ലത്തേക്ക് ആകെയുള്ളത് 6.30 നുള്ള പാസഞ്ചര്‍ മാത്രമാണ്. പാലക്കാട്ട് നിന്നു എറണാകുളത്തേക്ക് മടങ്ങുന്ന ഓഫിസ് ജീവനക്കാര്‍ക്കും പുതിയ ട്രെയിന്‍ ഏറെ പ്രയോജനപ്രദമാണ്. പുനലൂര്‍-പാലക്കാട്ട് റൂട്ടില്‍ ആകെ 25 സ്റ്റേഷനുകളിലാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. എക്‌സ്പ്രസ്സ് ട്രെയിനായതിനാല്‍ സാധാരണ നിരക്ക് മാത്രമാണുള്ളത്. തുടക്കത്തില്‍ 11 കോച്ചുകള്‍ മാത്രമുള്ള ട്രെയിനില്‍ തിരക്കു കൂടുന്ന സാഹചര്യത്തില്‍ പിന്നീടു കോച്ചുകള്‍ കൂട്ടാനാണ് റെയില്‍വേയുടെ തീരുമാനം.
പുനലൂരില്‍ 19ന് ഉച്ചയ്‌ക്ക് 2.30ന് നടക്കുന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. അന്നേ ദിവസം എറണാകുളം വരെ മാത്രമാണ് സര്‍വീസുള്ളത്. 20 മുതല്‍ വെളുപ്പിന് 3.25ന് പുനലൂരില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ (16791) 4.40ന് കൊല്ലത്തും 9.35ന് എറണാകുളം നോര്‍ത്തിലും ഉച്ചയ്‌ക്കു 1.20ന് പാലക്കാട്ടുമെത്തും.
മടക്ക ട്രെയിന്‍ (16792) വൈകിട്ട് 4ന്് പാലക്കാട്ട് നിന്ന് പുറപ്പെട്ടു രാത്രി 7.05ന് എറണാകുളത്തും 11.25ന് കൊല്ലത്തും രാത്രി 1.20ന് പുനലൂരുമെത്തും.
പുനലൂരിനും, പാലക്കാടിനുമിടയിലെ സ്‌റ്റോപ്പുകള്‍: ആവണീശ്വരം, കുര, കൊട്ടാരക്കര, എഴുകോണ്‍, കുണ്ടറ, പെരിനാട്, മണ്‍റോതുരുത്ത്, ശാസ്താംകോട്ട, ഓച്ചിറ, കായംകുളം, മാവേലിക്കര, ചെറിയനാട്, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഒറ്റപ്പാലം.
















