തിരുവനന്തപുരം: കെഎസ്ആര്‍ടിസി മുന്‍ എംഡി ആന്റണി ചാക്കോ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറി ആയി ചുമതലയേല്‍ക്കും. ഇതിനെതിരെ ഇടതുപക്ഷ യൂണിയനുകള്‍ തന്നെ രംഗത്തെത്തി.
കെഎസ്ആര്‍ടിസിക്കായി 10 വോള്‍വോ ബസുകള്‍ വാങ്ങിയതില്‍ അഴിമതി, യാത്രാ ചെലവിനും താമസത്തിനും അധിക തുക, ഓണ്‍ലൈന്‍ സംവിധാനം സ്വകാര്യവാഹനങ്ങള്‍ക്കായി അട്ടിമറിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ആന്റണി ചാക്കോയ്‌ക്കെതിരെ ഉയര്‍ന്നിട്ടുള്ളത്. ആന്റണി ചാക്കോയ്‌ക്കെതിരെ ഇടതുപക്ഷ യൂണിയന്‍ അംഗങ്ങള്‍ തന്നെ വിജിലന്‍സ് കോടതിയെ സമീപിക്കുകയും കേസില്‍ വാദം നടക്കുകയുമാണ്.
ഓണ്‍ലൈന്‍ ബുക്കിംഗിന് കരാര്‍ നല്‍കിയത് കെല്‍ട്രോണിനായിരുന്നു. കെല്‍ട്രോണ്‍ സബ് കരാര്‍ നല്‍കിയതാകട്ടെ ഇടതുപക്ഷത്തിന് കീഴിലുള്ള കോഴിക്കോട് ഊരാളങ്കല്‍ സൊസൈറ്റിക്കും. മുഴുവന്‍ കരാറും ഊരാളങ്കല്‍ സൊസൈറ്റിക്ക് നല്‍കണമെന്ന് സിഐടിയു നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ആന്റണി ചാക്കോ നിരസിച്ചിരുന്നു. ഇതോണ് ഇടത് യൂണിയനെ അന്ന് ചൊടിപ്പിച്ചത്. ആന്റണി ചാക്കോ ഗതാഗതവകുപ്പില്‍ മടങ്ങി എത്തുന്നതോടെ യഥേഷ്ടമുള്ള സ്ഥലംമാറ്റം നടപ്പിലാകില്ല. യൂണിയനുകളുടെ തന്‍പ്രമാണിത്തത്തിന് ഇടിവുതട്ടും.
സ്വകാര്യ-സമാന്തര സര്‍വീസുകള്‍ക്കും വെല്ലുവിളിയാകും. ഇതെല്ലാമാണ് ഇടത് യൂണിയനുകളുടെ എതിര്‍പ്പിന് കാരണം. മുഖ്യമന്ത്രി വഴി ആന്റണി ചാക്കോയ്‌ക്ക് തടയിടാനും ശ്രമം നടക്കുന്നുണ്ട്.
ആന്റണി ചാക്കോ എംഡി ആയിരിക്കുമ്പോള്‍ ഒരുദിവസം പോലും ശമ്പളം മുടങ്ങിയിരുന്നില്ല. കൂടാതെ കെഎസ്ആര്‍ടിസി വരുമാനം വര്‍ധിക്കുകയും ചെയ്തിരുന്നു. ആന്റണി ചാക്കോയുടെ പ്രൊഫഷണലിസം കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ സഹായമാകും എന്ന കണക്കുകൂട്ടലിലാണ് ഗതാഗതമന്ത്രി.
















