തിരുവനന്തപുരം: ഇന്നുമുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള പണം നേരിട്ട് ട്രഷറികളിലടയ്‌ക്കും. കെഎസ്എഫ്ഇ, ലോട്ടറി, ബിവറേജസ് കോര്‍പ്പറേഷന്‍ എന്നിവയില്‍ നിന്ന് ബാങ്കിലടച്ചിരുന്ന ശരാശരി 65 കോടിയിലേറെ രൂപ ട്രഷറികളിലെത്തുമെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടല്‍. ട്രഷറികള്‍ക്ക് വേണ്ട പണം നോട്ടായി ബാങ്കുകള്‍ നല്‍കുന്നില്ലെന്നാരോപിച്ചാണ് ഈ സംവിധാനം ധനവകുപ്പ് ഏര്‍പ്പെടുത്തുന്നത്.
കെഎസ്എഫ്ഇയില്‍ നിന്ന് കഴിഞ്ഞദിവസം തന്നെ ട്രഷറികളിലേക്കു 40 കോടിയോളം രൂപ അടച്ചു. ദിനംപ്രതി ലോട്ടറി വില്പനയിലെ 20 കോടിയില്‍ നിന്ന് 15 കോടി നോട്ടുകളായിത്തന്നെ ട്രഷറികളില്‍ അടയ്‌ക്കും. ബിവറേജസില്‍ നിന്നുള്ള 19 കോടിയില്‍ നിന്ന് 10 കോടിയും നേരിട്ട് ട്രഷറിയിലേക്ക് എത്തും.
ഫെബ്രുവരിയോടെ സംസ്ഥാന വ്യാപകമായി ട്രഷറികള്‍ ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സംവിധാനത്തിലേക്ക് മാറിയിരുന്നു. ഇതോടെ വിവിധ രജിസ്‌ട്രേഷന്‍ ഫീസുകള്‍, സ്റ്റാമ്പ,് മുദ്രപ്പത്ര നികുതികള്‍ എന്നിവയും നേരിട്ട് ട്രഷറികളിലേക്ക് എത്തുന്നുണ്ട്. ഇതെല്ലാം കൂടി ചേരുന്നതോടെ ഇന്നു മുതല്‍ ട്രഷറികളുടെ പ്രവര്‍ത്തനം സുഗമമായി നടക്കുമെന്നാണ് ധനവകുപ്പിന്റെ അവകാശവാദം.
















