ബുണ്ടി: അടുത്ത പറമ്പില്‍ കെട്ടിയിരിക്കുന്ന ആടിനെ മാറ്റിക്കെട്ടാന്‍ പോയതാ രാഷ്‌ട്രപതി. പ്രധാന്‍മന്ത്രിയോ? അവന്‍ കടയില്‍ പോയിരിക്കുവാ… ഇതെന്താ രാജ്യത്തെ ഉന്നതരായ രണ്ടുപേരെ പരിഹസിക്കുന്നോ? ഒരിക്കലുമല്ല. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ വിവിധ ഗ്രാമങ്ങളിലെ സവിശേഷമായ ചില പേരുകളാണ് ഇതൊക്കെ.
ഒരു പേരില്‍ പലതുമുണ്ടെന്നു തെളിയിക്കുന്ന സന്ദര്‍ഭങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. പ്രമുഖരായ വ്യക്തികളുടെ പേരുകള്‍, പ്രിയ താരങ്ങളുടെ പേരുകള്‍ ഇതൊക്കെ മക്കള്‍ക്കു നല്‍കിയവരുണ്ട്. പ്രശസ്ത ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ജോണ്ടി റോഡ്‌സ് ഇന്ത്യയോടുള്ള പ്രത്യേക സ്‌നേഹം തെളിയിച്ചത് മകള്‍ക്ക് ഇന്ത്യ എന്ന പേരു നല്‍കിയാണ്.
ബുണ്ടിയിലെ രാംനഗര്‍ ഗ്രാമത്തില്‍ ഇതൊന്നുമല്ല സ്ഥിതി. മക്കള്‍ക്ക് പേരിടുന്നത് രാഷ്‌ട്രപതി, പ്രധാന്‍മന്ത്രി എന്നൊക്കെ. തീരുന്നില്ല വിശേഷങ്ങള്‍. ബുണ്ടി ജില്ലയില്‍ ഒരിക്കല്‍ കളക്ടറായിരുന്ന ഉദ്യോഗസ്ഥനെ എല്ലാവര്‍ക്കും വലിയ ഇഷ്ടമായി. ഒരു സ്ത്രീ ആ ഇഷ്ടം അടയാളപ്പെടുത്തിയത് പേരക്കുട്ടിക്ക്, കളക്ടര്‍ എന്ന പേരു നല്‍കിയാണ്. കന്‍ജാര്‍ സമൂദായത്തില്‍പ്പെട്ടവരാണ് ഗ്രാമത്തില്‍ ഏറെയും. പള്ളിക്കൂടത്തിന്റെ വരാന്ത കണ്ടവര്‍ ചുരുക്കം. എന്നാലും പേരിടുന്നതില്‍ സവിശേഷമായ ബുദ്ധി പ്രകടിപ്പിക്കുന്നു. സിം കാര്‍ഡ്, ചിപ്, ജിയോനി, ഹൈക്കോര്‍ട്ട്, നോക്കിയ, സാംസങ് തുടങ്ങിയതൊക്കെ ഈ ജില്ലയില്‍ പലര്‍ക്കും പേരുകളാണ്.
ഹൈക്കോര്‍ട്ട് എന്ന പേരു വന്നതിന്റെ കഥയാണ് ഏറെ കൗതുകം. ഈ പേരുകാരന്റെ മുത്തച്ഛന്‍ ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നു. ഇയാള്‍ ജനിച്ച ദിവസമാണ് ഹൈക്കോടതി ഈ മുത്തച്ഛന് ജാമ്യം നല്‍കിയത്. അതിന്റെ സന്തോഷത്തില്‍ പേരക്കുട്ടിക്ക് ഹൈക്കോര്‍ട്ട് എന്നു പേരിട്ടു. ഇന്ദിര ഗാന്ധിയെ ആരാധിച്ച ഒരു സ്ത്രീ തന്റെ മക്കള്‍ക്കും അവരുടെ മക്കള്‍ക്കും രാജീവ്, സഞ്ജയ്, സോണിയ, മേനക, രാഹുല്‍, പ്രിയങ്ക എന്നൊക്കെ പേരുകള്‍ നല്‍കി. ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ തസ്തികകളോടാണ് മറ്റു ചിലര്‍ക്ക് പ്രിയം. അങ്ങനെ ജനിച്ചയുടനെ പലരും ഐജിയും എസ്പിയും മജിസ്‌ട്രേറ്റുമൊക്കെയായി.
നൈന്‍വാ മേഖലയിലെ ഗ്രാമത്തിലുള്ളവര്‍ മൊബൈല്‍ ഫോണ്‍ രംഗത്തെ വന്‍ ബ്രാന്‍ഡുകളുടെ പേരുകളാണ് മക്കള്‍ക്ക് നല്‍കുന്നത്. നോക്കിയ, സാംസങ്, ജിയോനി തുടങ്ങിയ പേരുകാര്‍ ഇവിടെ ധാരാളം. പെണ്‍മക്കള്‍ക്ക് മിഠായി, ജിലേബി എന്നൊക്കെ പേരു നല്‍കിയിരുന്നുതന്നെ ഒരിക്കല്‍ അത്ഭുതമായിരുന്നു എന്നാണ് നൈന്‍വായിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ രജിസ്‌ട്രേഷന്‍ വിഭാഗത്തിന്റെ ഇന്‍ ചാര്‍ജ് രമേശ് ചന്ദ് റാത്തോര്‍ പറയുന്നത്. എന്നാല്‍, ഇപ്പോള്‍ രമേശിന് അത്ഭുതമല്ല, ഞെട്ടലാണ്. രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കുന്ന പെണ്‍പേരുകള്‍ സ്മാര്‍ട്ട് ഫോണ്‍ എന്നും ആന്‍ഡ്രോയിഡ് എന്നു മൊക്കെയാണ്. സിംകാര്‍ഡ് എന്നും ചിപ് എന്നൊക്കെ നീട്ടി വിളിച്ചാലും വിളികേള്‍ക്കുന്നവര്‍ ഇവിടെ ധാരാളം.
















