മലപ്പുറം: ഇടതുമുന്നണി സര്‍ക്കാരിന് കനത്ത തിരിച്ചടി നല്കി മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പ്. ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ ഒരു ലക്ഷം വോട്ടുകളുടെ ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കുഞ്ഞാലിക്കുട്ടി നേടിയത്. മലപ്പുറത്തെ ഏഴ് നിയമസഭ മണ്ഡലങ്ങളിലും യുഡിഎഫിന്റെ മുന്നേറ്റമാണ് കണ്ടത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും 1500 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് പരാജയപ്പെട്ട മങ്കടയില്‍ യുഡിഎഫിന് ഇപ്പോള്‍ 12,000-ത്തിലേറെ വോട്ടുകളുടെ ലീഡാണുള്ളത്. മലപ്പുറം, വേങ്ങര നിയോജകമണ്ഡലങ്ങളില്‍ യുഡിഎഫ് ലീഡ് 20,000-ന് മുകളിലാണ്.
എല്‍ഡിഎഫിന് ശക്തമായ സ്വാധീനമുള്ള പെരിന്തല്‍മണ്ണ, കൊണ്ടോട്ടി തുടങ്ങിയ മണ്ഡലങ്ങളിലും ഉദ്ദേശിച്ച രീതിയിലുള്ള മുന്നേറ്റം ഇടതുമുന്നണിക്ക് ലഭിച്ചിട്ടില്ല. മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് നേരത്തെ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കിയിരുന്നു.
















