കൊച്ചി: മുൻ നാവികസേനാ ഉദ്യോഗസ്ഥനായ കുൽഭൂഷൺ യാദവിന് നീതീ ലഭിക്കുംവരെ പോരാടാൻ സൈബര്‍ വാരിയേഴ്സിന്റെ ആഹ്വാനം. കുൽഭൂഷണെ തൊട്ടാൽ പാക്കിസ്ഥാന്റെ സൈബർ സ്‌പേസ് തകർക്കുമെന്ന ഭീഷണിയും ഇവര്‍ മുഴക്കുന്നു.
കുല്‍ഭൂഷണ്‍ ഭാരതീയനാണ്, ഭാരതത്തിന്റെ കാവലാളായിരുന്നു, നമ്മുടെ മാത്യരാജ്യത്തിന്റെ സുരക്ഷ ഉറപ്പ് വരുത്താൻ രാപകലില്ലാതെ ഉറക്കമൊഴിച്ച് ഇന്ത്യ മഹാരാജ്യത്തിലെ ഓരോ മണൽതരിക്കും സംരക്ഷണം നൽകിയവനായിരുന്നുവെന്നും സൈബർ വാരിയേഴ്സ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. അദ്ദേഹം ഇന്നൊരു ആപത്തിലാണെന്നത് കാണാതെ പോകരുത്. സർക്കാരും മാധ്യമങ്ങളും ഇതിനെതിരെ ശക്തമായി പ്രതികരിച്ചേ മതിയാകൂവെന്നും അവർ പറയുന്നു.
ഒരു സരബ്‌ജിത് സിങ് കൂടി നമുക്ക് ഇനി വേണ്ട. പാക്കിസ്ഥാൻ സൈബർസ്പേസ് ആക്രമിച്ചു കൊണ്ട് അദ്ദേഹത്തിന് വേണ്ടി പ്രതിഷേധിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഹാക്ക് ചെയ്ത മുന്നൂറോളം വെബ്‌സൈറ്റുകളുടെ വിവരങ്ങളും സൈബർ വാരിയേഴ്സ് പങ്കുവെക്കുന്നു. ഇത് വെറുമൊരു തുടക്കം മാത്രമാണെന്ന് പ്രഖ്യാപിച്ചാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
നിരവധി സൈബർ ആക്രമണങ്ങളിലൂടെ പെരുമ കേട്ടവരാണ് കേരളാ സൈബർ വാരിയേഴ്സ് ഉൾപ്പെടെയുള്ള മലയാളി ഹാക്കർമാർ.
















