മുംബൈ: ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരമുള്ള കെട്ടിടം മുംബൈയില്‍ നിര്‍മ്മിക്കുമെന്ന് കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി. ഛത്രപതി ശിവജിയുടെ പേരിലാണ് കെട്ടിടം നിർമ്മിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുംബൈയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശിവജിയുടെ പേരിൽ നിര്‍മിക്കുന്ന കെട്ടിടം ലോകത്തിലെ ഏറ്റവും ഉയരമുള്ളതായിരിക്കും. താൻ എന്തെങ്കിലും പ്രഖ്യാപനം നടത്തുകയല്ല. തന്റെ സ്വപ്നം പങ്കുവയ്‌ക്കുകയാണ്. ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരമുളള കെട്ടിടം മുംബൈ തീരത്ത് പണിയണം. ഛത്രപതി ശിവജി ടവര്‍ എന്ന് അത് അറിയപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
കണ്‍വെന്‍ഷന്‍ സെന്ററുകള്‍, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, മാളുകള്‍ എന്നിവയും ഭൂഗര്‍ഭ വാഹന പാര്‍ക്കിങ് കേന്ദ്രവും ടവറിലുണ്ടാകും. ഏറ്റവും മുകളിലത്തെ നിലയില്‍ ഛത്രപതി ശിവജിയുടെ ജീവിതം പ്രതിഫലിപ്പിക്കുന്ന ആര്‍ട്ട് ഗാലറി ഉണ്ടാകുമെന്നും ഗഡ്കരി പറഞ്ഞു.
















