ചെന്നൈ: ഈ സംവിധാനമാകെ അഴിമതി നിറഞ്ഞിരിക്കുന്നു, ഒരു യുദ്ധത്തിനു തയാറാവുകയെന്ന് ആരാധകരെ ആഹ്വാനം ചെയ്തതിനു പിന്നാലെ രജനീകാന്ത് രാഷ്‌ട്രീയപ്രവേശത്തിന്റെ സസ്‌പെന്‍സ് നിലനിര്‍ത്തുന്നു.
തമിഴകത്തിന്റെ സൂപ്പര്‍താരവും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച ഉടന്‍ എന്ന അഭ്യൂഹം രാഷ്‌ട്രീയകേന്ദ്രങ്ങളില്‍ ചര്‍ച്ചയായി. കഴിഞ്ഞ ഒരാഴ്ചയായി എല്ലാ ദിവസവും ഫാന്‍സ് അസോസിയേഷന്‍ പ്രതിനിധികളുമായി ആശയവിനിമയം നടത്തിയപ്പോള്‍ രജനി പറഞ്ഞ വാക്കുകളാണ് വീണ്ടും അദ്ദേഹത്തിന്റെ രാഷ്‌ട്രീയപ്രവേശത്തെക്കുറിച്ചുള്ള ചര്‍ച്ച സജീവമാക്കിയത്. എന്നാല്‍ രജനി ഇപ്പോഴും പൂര്‍ണമായി മനസു തുറന്നിട്ടില്ല.
അടുത്തയാഴ്ച ദല്‍ഹിയിലെത്തി പ്രധാനമന്ത്രി മോദിയെ രജനി കാണും എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. കഴിഞ്ഞ ദിവസം തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, മോദിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇതെക്കുറിച്ച് കൃത്യമായ സൂചനകള്‍ ഇല്ല എന്നാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡു പ്രതികരിച്ചത്. രജനീകാന്ത് മികച്ച നടനാണ്, മോദി മികച്ച നേതാവും. രജനിക്ക് എപ്പോള്‍ വേണമെങ്കിലും മോദിയെ കാണാം, എന്നാണ് വെങ്കയ്യ പറഞ്ഞത്.
ഏതെങ്കിലും പാര്‍ട്ടിയുടെ ഭാഗമാകാതെ പുതിയ പാര്‍ട്ടി രൂപീകരിച്ച് ദ്രാവിഡ രാഷ്‌ട്രീയത്തിന്റെ മുഖമാകാനാണ് രജനിക്ക് ആഗ്രഹമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനു മുമ്പ് രജനി തന്റെ തീരുമാനം പ്രഖ്യാപിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന.
















