തിരുവനന്തപുരം: റോഡപകടങ്ങളില്‍പെടുന്നവരുടെ ചികിത്സയ്‌ക്കായി ആശുപത്രികളില്‍ സമ്പൂര്‍ണ ട്രോമാകെയര്‍ സംവിധാനം ഏര്‍പ്പെടുത്തുവാന്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസുമായി (എയിംസ്) സംസ്ഥാന ആരോഗ്യവകുപ്പ് ധാരണയായി.
എയിംസിലെ ട്രോമാകെയര്‍ സെന്റര്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. സജീവ് ബോയ്, ഡോ. തേജ് പ്രകാശ് എന്നിവര്‍ മന്ത്രി കെ.കെ. ശൈലജയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയിലെത്തിയത്. എയിംസ് മോഡല്‍ നഴ്‌സസ് ഓറിയന്റഡ് ട്രോമാകെയര്‍ രീതി നടപ്പിലാക്കാനും എയിംസ് മോഡല്‍ പ്രോട്ടോക്കോള്‍ രീതി അവലംബിക്കാനുമാണ് ധാരണ .
ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ നൂതനസംവിധാനങ്ങള്‍ അടങ്ങിയ ട്രോമാകെയര്‍ സംവിധാനമായിരിക്കും സജ്ജീകരിക്കുക. പ്രാരംഭ പ്രവര്‍ത്തനം എന്ന നിലയില്‍ സംസ്ഥാനത്തെ ഏഴു മെഡിക്കല്‍കോളേജുകളെ നോഡല്‍ സെന്ററുകളായി തെരഞ്ഞെടുത്തു.
കോഴിക്കോട് മെഡിക്കല്‍കോളേജിന് എയിംസ് മോഡല്‍ ലെവല്‍ 1 ട്രോമാകെയര്‍ സംവിധാനം ആരംഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചു . തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് അനുമതി ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
എയിംസ് സംഘം തിരുവനന്തപുരം മെഡിക്കല്‍കോളേജ് സന്ദര്‍ശിച്ച് ഉദേ്യാഗസ്ഥരുമായി ചര്‍ച്ച നടത്തി. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ഡയറക്ടര്‍ ഡോ. സരിത, ഡിഎംഇ ഡോ. റംലാബീവി, തിരുവനന്തപുരം മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പള്‍ ഡോ. തോമസ് മാത്യു, സൂപ്രണ്ട് ഡോ. ഷര്‍മ്മദ്, സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















