എറണാകുളത്ത് ബിഎംഎസ് സംസ്ഥാന കാര്യാലയത്തില്‍ നടന്ന അസംഘടിത തൊഴിലാളി സംഗമത്തില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രയ തൊഴിലാളികള്‍ക്കൊപ്പം. ബിഎംഎസ് മുന്‍ ദേശീയാദ്ധ്യക്ഷന് അഡ്വ. സജി നാരായണന്, സംസ്ഥാന അദ്ധ്യക്ഷന്‍ കെ. കെ. വിജയകുമാര്‍, എം.പി. രാജീവന്, വി. രാധാകൃഷ്ണന്, സി. വി. രാജേഷ് തുടങ്ങിയവര്‍ സമീപം.
കൊച്ചി: ഇടതുപാര്‍ട്ടികള്‍ നടത്തുന്ന കൊലപാതകവും അക്രമങ്ങളും തോല്‍വി സമ്മതിക്കലാണെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രയ. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ നിരന്തരം ആക്രമണം നടത്തുകയാണ്. പതിനൊന്നു പേരാണ് കൊല്ലപ്പെട്ടത്. സംഘപരിവാര്‍ പ്രസ്ഥാനത്തെ ആശയം കൊണ്ടു തോല്‍പ്പിക്കാനാവില്ലെന്ന് സമ്മതിക്കലാണിത്.
ബിജെപിക്കും സംഘപരിവാറിനും എതിരേ നടത്തിയ കള്ള പ്രചാരണങ്ങളാണ് കോണ്‍ഗ്രസിനെ പ്രാദേശിക പാര്‍ട്ടിയുടെ സ്ഥിതിയിലെത്തിച്ചത്. ബന്ദാരു പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇലക്ട്രോണിക് ഡിജിറ്റല്‍ മാദ്ധ്യമപ്രവര്‍ത്തകരെയും അച്ചടി മാദ്ധ്യമ പ്രവര്‍ത്തകരുടെ നിര്‍വചന പരിധിയില്‍ ഉള്‍പ്പെടുത്തുന്ന തരത്തില്‍ നിയമ ഭേദഗതിക്ക് ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. വേജ് ബോര്‍ഡ് നിയമം നടപ്പാക്കുന്ന കാര്യം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രിമാരോട് രണ്ടുവട്ടം ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. പത്രപ്രവര്‍ത്തക സംഘടനകളും സംസ്ഥാന പ്രതിനിധികളും കേന്ദ്ര തൊഴില്‍ മന്ത്രാലയം ഇനിയും ചര്‍ച്ച നടത്താന്‍ തയ്യാറാണെണെന്നും അദ്ദേഹം പറഞ്ഞു.
















