ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ കീഴില്‍ അടിമുടി മാറിക്കൊണ്ടിരിക്കുന്ന റെയില്‍വേയ്‌ക്ക് മുതല്‍ക്കൂട്ടായി പുതിയ തരം കോച്ചുകള്‍ വരുന്നു. കണ്ണാടി കൊണ്ടുള്ള മേല്‍ക്കൂര, മനോഹരമായ സീറ്റുകള്‍, വൈ ഫൈ, ജിപിഎസ് ഇന്‍ഫര്‍മേഷന്‍ സംവിധാനം, സ്‌റ്റേഷനുകളില്‍ സ്വയം തുറക്കുകയും അടയുകയും ചെയ്യുന്ന വീതിയേറിയ വാതിലുകള്‍, വെളിച്ചമേറിയ എല്‍ഇഡി ലൈറ്റുകള്‍, കറങ്ങുന്ന സീറ്റുകള്‍…വിസ്താഡോം കോച്ചുകളുടെ പരീക്ഷണ അടിസ്ഥാനത്തിലുള്ള ഓട്ടം തുടങ്ങി. ഇന്നലെ പുതിയ കോച്ചുകളുള്ള ട്രെയിന്റെ വിശാഖപട്ടണത്ത് നിന്ന് അരാക്കുവിലേക്കുള്ള പരീക്ഷണയോട്ടം റെയില്‍വേ മന്ത്രി സുരേഷ് പ്രഭു വീഡിയോ കോണ്‍ഫറന്‍സിലൂടെ ഫ്‌ളാഗ് ഓഫ് ചെയ്തു.
വ്യാഴാഴ്ച മുതല്‍ പുതിയ കോച്ചുകള്‍ സര്‍വ്വീസ് തുടങ്ങും. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ളതാണ് കോച്ചുകള്‍.അരാക്കുവിന്റെ മുഴുവന്‍ പ്രകൃതി ഭംഗിയും ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് പുതിയ എസി കോച്ചുകള്‍ സഹായകമാകും. പുതിയ നാല് കോച്ചുകള്‍ക്ക് വേണ്ടി നാല് കോടി രൂപയാണ് ചെലവ്. ഇതില്‍ രണ്ടെണ്ണം വിശാഖ പട്ടണം അരാക്കു റൂട്ടിലും രണ്ടെണ്ണം ജമ്മു കാശ്മീര്‍ റൂട്ടിലും ഉളള ട്രെയിനുകള്‍ക്ക് വേണ്ടിയാണ്.
















