ന്യൂദല്‍ഹി: ജില്ലാ ജഡ്ജി നിയമനം സംബന്ധിച്ച കേസില്‍ കേരള ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. നിയമനത്തിലെ ക്രമക്കേടിനെക്കുറിച്ച് ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ റിട്ട് ഹര്‍ജി അംഗീകരിച്ച് ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ആര്‍.ഭാനുമതി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെതാണ് ഉത്തരവ്.
സുപ്രീംകോടതി വിധിയും സംവരണ തത്വങ്ങളും നിയമങ്ങളും വിജ്ഞാപനങ്ങളുമെല്ലാം അവഗണിച്ചാണ് നിയമനപട്ടിക തയ്യാറാക്കിയതെന്നായിരുന്നു ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാലിന്റെ വാദം.
അഭിഭാഷകരില്‍നിന്ന് ജില്ലാ ജഡ്ജിമാരെ നേരിട്ട് നിയമിക്കാനായി ഹൈക്കോടതി നടത്തിയ പരീക്ഷയെക്കുറിച്ച് വ്യാപക പരാതിയാണ് ഉയര്‍ന്നത്. എഴുത്തുപരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ആദ്യ ആറു പേരില്‍ അഞ്ചു പേരും ലിസ്റ്റില്‍നിന്ന് പുറത്തായി. കുറഞ്ഞ മാര്‍ക്ക് കിട്ടിയ നാലുപേരെ തെരഞ്ഞെടുത്തു. പട്ടികജാതി/ പട്ടിക വര്‍ഗ്ഗം, മുസ്ലീം, ലത്തീന്‍ കത്തോലിക്ക വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റിലേക്ക് ആരേയും തെരഞ്ഞെടുത്തില്ല. മൂന്ന് ഈഴവര്‍ക്ക് അവസരമുണ്ടെന്നിരിക്കെ എടുത്തത് ഒരാളെ മാത്രം. 22 പേരുടെ ഒഴിവുണ്ടായിരിക്കെ 10 പേരുടെ പട്ടിക മാത്രമാണ് പ്രസിദ്ധീകരിച്ചത്. ഇതില്‍ രണ്ടു പേര്‍ മാത്രമാണ് സംവരണ വിഭാഗത്തില്‍നിന്നുള്ളത്.
മുന്നൂറു മാര്‍ക്കിന്റെ എഴുത്തുപരീക്ഷയും 50 മാര്‍ക്കിന്റെ വൈവാവോസിയുമാണ് വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്. എഴുത്തുപരീക്ഷയുടെയും വൈവാവോസിയുടേയും മാര്‍ക്ക് കൂട്ടിക്കിട്ടുന്ന മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് റാങ്ക് ലിസ്റ്റ്. എഴുത്തു പരീക്ഷ പരിഗണിക്കാതെ വൈവോസിയുടെ മാര്‍ക്ക് മാത്രം മാനദണ്ഡമാക്കി നിയമന പട്ടിക തയ്യാറാക്കുകയായിരുന്നു. ഒറ്റനോട്ടത്തില്‍ത്തന്നെ ക്രമക്കേട് ബോധ്യമാണെങ്കിലും തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം വിശദമാക്കാന്‍ ഹൈക്കോടതി തയ്യാറായില്ല.
തുടര്‍ന്ന് അവസരം നഷ്ടപ്പെട്ടവര്‍ രാഷ്‌ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍, ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കി. ബാര്‍ അസോസിയേഷനുകളും പരാതിയുമായി രംഗത്തുവന്നു. പ്രധാനമന്ത്രിയും കേരള ഗവര്‍ണറും ഇതുസംബന്ധിച്ച് ഹൈക്കേടതിയോട് വിശദീകരണവും തേടിയിരുന്നു
















