കൊച്ചി: തൊഴില്‍ വര്‍ദ്ധിപ്പിക്കുക, തൊഴിലാളികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുക എന്നിവയാണ് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രയ. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പിന്റെ ഭാഗമായി ബിജെപി എറണാകുളം മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനെത്തിയ മന്ത്രി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
ദരിദ്രര്‍ക്കും പിന്നാക്കക്കാര്‍ക്കും തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇ- ഗവേണസും നിയമ പരിഷ്‌കരണവും വഴി ഭരണം സുതാര്യവും അഴിമതി രഹിതവുമാക്കി. മൂന്നുവര്‍ഷത്തിനിടെ ഒരഴിമതിയാരോപണം പോലും ഉയര്‍ത്താന്‍ ആര്‍ക്കും ഇടകൊടുത്തിട്ടില്ല.
കാര്‍ഷിക മേഖലയില്‍ 30 മുതല്‍ 40 വരെ ശതമാനം തൊഴില്‍ വര്‍ദ്ധിച്ചു. അപ്രന്റീസ്ഷിപ് നിയമ ഭേദഗതി കൊണ്ടുവന്നു, മുമ്പ് 2.8 ലക്ഷം പേര്‍ക്ക് വ്യവസായ സ്ഥാപനങ്ങളില്‍ കിട്ടിയിരുന്ന തൊഴില്‍ പരിശീലന സൗകര്യം 28 ലക്ഷം പേര്‍ക്കാക്കി. ഇവര്‍ക്ക് ലഭിച്ചിരുന്ന സ്‌റ്റൈപ്പന്റ് 3500 ല്‍ നിന്ന് 7000 ആക്കി. പുത്തന്‍ സാങ്കേതിക വിദ്യയില്‍ പരിശീലനം നല്‍കാന്‍ മന്ത്രാലയം തുടങ്ങി.1.3 കോടിയുവാക്കള്‍ക്ക് പരിശീലനം നല്‍കി, മന്ത്രി വിവരിച്ചു.
രാജ്യത്തെമ്പാടും 400 ജോലിമേളകള്‍ നടത്തി. ഓരോ മേളയിലും 120 മുതല്‍ 150 വരെ സ്വകാര്യ കമ്പനികള്‍ പങ്കെടുത്തു. ഓരോ മേളയിലും 5000 മുതല്‍ 8000 വരെ പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 24,000 പേര്‍ക്ക് മേളകളില്‍ത്തന്നെ നിയമനം കിട്ടി. 1000 കോടി രൂപയാണ് പ്രധാനമന്ത്രി തൊഴില്‍ ദാന പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്, മന്ത്രി വിശദീകരിച്ചു.
പുതിയ തൊഴില്‍ നല്‍കാന്‍ രാജ്യത്താദ്യമായി തൊഴില്‍ ദാതാക്കള്‍ക്ക് ആനുകൂല്യം നല്‍കിയ സര്‍ക്കാരാണ് മോദിയുടേത്. പുതിയ തൊഴിലാളികള്‍ക്ക് ആദ്യ വര്‍ഷം അടയ്‌ക്കേണ്ട പ്രൊവിഡന്റ് ഫണ്ട് വിഹിതം സര്‍ക്കാര്‍ നല്‍കി. രാജ്യമെമ്പാടും വസ്ത്ര നിര്‍മ്മാണ പാര്‍ക്കുകളാരംഭിക്കാന്‍ 6000 കോടി രൂപയുടെ പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചപ്പോള്‍ ഒരുകോടിയിലേറെ തൊഴിലാളികള്‍ക്കാണ് ജോലി ഉറപ്പാക്കുന്നത്. ഇതിന്റെ നേട്ടം കേരളത്തിനുമുണ്ട്, മന്ത്രി പറഞ്ഞു.
മുഴുവന്‍ തൊഴിലാളികള്‍ക്കും ഇഎസ്‌ഐയും പിഎഫും
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ അസംഘടിത മേഖലയിലുള്‍പ്പെടെ മുഴുവന്‍ തൊഴിലാളികള്‍ക്കും ഇഎസ്‌ഐ-പിഎഫ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന ബഹൃദ്പദ്ധതി നടപ്പാക്കുകയാണെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രയ.
നിര്‍മ്മാണത്തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ-പിഎഫ് നിയമം ബാധകമാക്കി. 4.7 കോടി തൊഴിലാളികള്‍ക്കുകൂടി ഇതുവഴി നേട്ടമുണ്ടായി. അടുത്ത ഘട്ടത്തില്‍ സാമൂഹ്യ സുരക്ഷ അങ്കണവാടി, ആശാ, ഉച്ചക്കഞ്ഞി നിര്‍മ്മാണ മേഖലയിലെ ജീവനക്കാര്‍ക്കും ഇഎസ്‌ഐ ബാധകമാക്കും. മൂന്നാം ഘട്ടത്തില്‍ ഓട്ടോ തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാക്കും. തൊഴില്‍, വേതനം ഉറപ്പാക്കല്‍, തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷ എന്നിവയാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ലക്ഷ്യം, മന്ത്രി പറഞ്ഞു.
















