കൊച്ചി: പാമ്പാടി നെഹ്റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തിയ സമരവുമായി പുറത്തുവന്ന വാര്‍ത്തകള്‍ കെട്ടുകഥയാണെന്ന് മന്ത്രി ജി. സുധാകരന്. ഞങ്ങള്‍ മഹിജയുടെ കൂടെയായിരുന്നു. എന്നാല്‍ ഞങ്ങളെ ശത്രുപക്ഷത്താക്കുകയാണ് ചെയ്തതെന്നും സുധാകരന് പറഞ്ഞു.
മഹിജയെ കളിപ്പാവയായി വച്ചുകൊണ്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവരുടെ കൂടെ നിന്ന് എന്തൊക്കെയാണ് അമ്മാവന് എന്ന ചെറുപ്പക്കാരന് പറയുന്നതെന്ന് സുധാകരന് ചോദിച്ചു. ഒരേസമയത്ത് ദേശാഭിമാനിക്കാരന് ആണ്, പാര്ട്ടിക്കാരന് ആണെന്നെല്ലാം പറയുകയും സര്‍ക്കാറിനെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്യുകയാണ്. സര്‍ക്കാറിനെതിരെ പറഞ്ഞാല്‍ പാര്‍ട്ടിയില്‍ കാണില്ല. ആ സുഹൃത്ത് അമ്മയെ പറഞ്ഞ് മനസിലാക്കണമായിരുന്നുവെന്നും സുധാകരന് പറഞ്ഞു.
സമരം കൊണ്ട് എന്തു നേടിയെന്നാണ് ഞങ്ങള്‍ ചോദിക്കുന്നത്. മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചെയ്തത്. ആ അമ്മയോട് ഇക്കാര്യം പറഞ്ഞതല്ലേ. ഇപ്പോള്‍ ചെയ്തത് സര്‍ക്കാര്‍ നേരത്തെയും ചെയ്യുമായിരുന്നുവെന്നും ജി. സുധാകരന് ചൂണ്ടിക്കാട്ടി. മഹിജയുടെ സമരം മലപ്പുറം ഉപതെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്നും മന്ത്രി പറഞ്ഞു. സ്ത്രീകള്‍ ഇടതുമുന്നണിക്ക് വോട്ടു ചെയ്തു. മലപ്പുറത്ത് കിട്ടിയത് ഭൂരിഭാഗവും സ്ത്രീകളുടെ വോട്ടാണെന്നും മന്ത്രി സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു.
















