ന്യൂദല്‍ഹി: നാരദ ഒളിക്യാമറ വിവാദത്തില്‍ 13 തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. രാജ്യസഭ എം.പിയും മുന്‍ റെയില്‍വേ മന്ത്രിയുമായ മുകുള്‍ റോയ്, ലോക്‌സഭ അംഗങ്ങളായ സുല്‍ത്താന്‍ അഹമദ്, സൗഗത റോയ്, കകോലി ഘോഷ് ദസ്തിദര്‍, അപരുപ പൊദ്ദാര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ടിഎംസിയുടെ എംപിമാരും എംഎല്‍എമാരുമടക്കം 14 നേതാക്കള്‍ വിവാദകമ്പനിയുടെ പ്രതിനിധികളില്‍നിന്നും കോഴ വാങ്ങുന്ന ദൃശ്യങ്ങളാണ് നാരദാ ന്യൂസ് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിലുണ്ടായിരുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ഈ വാര്‍ത്ത വ്യാജമാണെന്ന നിലപാട് സ്വീകരിച്ചെങ്കിലും ലോക്‌സഭ വിഷയം എത്തിക്സ് കമ്മറ്റിക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് എത്തിക്സ് കമ്മിറ്റി കുറ്റാരോപിതരായ അഞ്ച് എംപിമാരോട് വിശദീകരണം തേടിയിരുന്നു.
പശ്ചിമ ബംഗാളില്‍ 2016ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പാണ് നാരദ വീഡിയോ ചിത്രങ്ങള്‍ പുറത്തുവന്നത്. വീഡിയോ വ്യാജമല്ലെന്ന് ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറി സാക്ഷ്യപ്പെടുത്തിയിരുന്നു. ഒളികാമറ പ്രയോഗത്തെക്കുറിച്ച അന്വേഷണവുമായി ബന്ധപ്പെട്ട് നാരദ ന്യൂസ് സിഇഒയായ മലയാളി പത്രപ്രവര്‍ത്തകന്‍ മാത്യു സാമുവലിനെ സിബിഐ ചോദ്യം ചെയ്തിരുന്നു.
















