ന്യൂദല്‍ഹി: ‘നേഷന്‍ വാണ്ട്‌സ് ടു നോ’ എന്ന പ്രയോഗം ഇനി ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിക്ക് ടൈംസ് ഗ്രൂപ്പ് വക്കീല്‍ നോട്ടീസ് അയച്ചു. അര്‍ണാബിന്റെ പുതിയ ചാനലായ റിപ്പബ്ലിക്കില്‍ ഈ പ്രയോഗം ഉപയോഗിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നു ചൂണ്ടിക്കാട്ടി ടൈംസ് ഗ്രൂപ്പ് നോട്ടിസ് അയച്ചതായി അര്‍ണാബ് യുട്യൂബിലൂലൂടെ പുറത്തുവിട്ട മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള ശബ്ദസന്ദേശത്തില്‍ പറയുന്നു.
ടൈംസ് ഗ്രൂപ്പിന്റെ ടൈംസ് നൗ ചാനലില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ചര്‍ച്ചകള്‍ നയിക്കുമ്പോഴും മറ്റും പതിവായി ഉപയോഗിച്ച് അര്‍ണാബ് പ്രശസ്തമാക്കിയ പ്രയോഗമാണ് ‘നേഷന്‍ വാണ്ട്‌സ് ടു നോ’. ടൈംസ് നൗ വിട്ട് പുതിയ ചാനല്‍ അര്‍ണാബ് തുടങ്ങിയ സാഹചര്യത്തിലാണ് ടൈംസിന്റെ നടപടി.
എന്നാല്‍, ‘നേഷന്‍ വാണ്ട്‌സ് ടു നോ’ എന്ന പ്രയോഗം ഒരു ചാനലിന്റെയും സ്വകാര്യ സ്വത്ത് അല്ലെന്നും രാജ്യത്തെ ഏതുപൗരനും ഈ വാചകം ഉപയോഗിക്കാമെന്നും അര്‍ണാബ് പ്രതികരിച്ചു. ‘കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ ഈ വാചകം ഉപയോഗിക്കുന്നു, ഇനി ഉപയോഗിക്കുകയും ചെയ്യും. ഇതിന്റെ പേരില്‍ അറസ്റ്റ് വരിക്കാന്‍ സന്തോഷമേയുള്ളു’ ആറ് പേജ് വരുന്ന എഴുത്തിലാണ് തന്നെ ഭീഷണിപ്പെടുത്തുന്നതെന്നും അര്‍ണബ് പറയുന്നു. ടൈംസ് നൗവിന്റെ പേര് പറയാതെയായിരുന്നു അര്‍ണബിന്റെ കുറിപ്പെങ്കിലും ചാനല്‍ നോട്ടിസ് അയച്ചതായി ദേശീയ മാധ്യമങ്ങള്‍ സ്ഥിരീകരിക്കുകയായിരുന്നു.
ബിജെപി എംപി രാജീവ് ചന്ദ്രശേഖറാണ് എആര്‍ജി ഔട്ട്‌ലിയര്‍ മീഡിയ പ്രൈ.ലിമിറ്റഡിന്റെ പ്രധാന നിക്ഷേപകന്‍. ഈ കമ്പനിയുടെ കീഴിലാണ് റിപ്പബ്ലിക് ചാനല്‍ പ്രവര്‍ത്തിക്കുന്നത്.
















