വില്ലുപുരം: ഒന്നും രണ്ടുമല്ല മൂന്നു ദിവസമാണ് 70വയസുകാരനായ നടരാജന്‍ കിണറ്റില്‍ കിടന്നത്. നിലവിളിച്ചു, അലറിക്കരഞ്ഞു. ആരും കേട്ടില്ല.രണ്ടു പകലും മൂന്നു രാത്രിയും ജീവന്‍ കൈയില്‍ പിടിച്ച് വെള്ളം കുറഞ്ഞ കിണറ്റില്‍ കഴിഞ്ഞു, മൂന്നാം ദിവസമാണ് വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് എത്തി നടരാജനെ പുറത്തെത്തിച്ചത്.
ഉളന്ദൂര്‍ പെട്ട് നഗരത്തില്‍ വെള്ളിയാഴ്ച എത്തിയതാണ് നടരാജന്‍. രാത്രിയില്‍ വീട്ടിലേക്ക് മടങ്ങവേ വഴിതെറ്റി കോടതി വളപ്പിലെ കിണറ്റില്‍ വീണു. വഴിയില്‍ നിന്നകലെ കോടതി കെട്ടിടത്തിനു പിന്നിലുള്ള കിണറ്റില്‍ കിടന്ന് നിലവിളിച്ചത് ആരും കേട്ടില്ല. ശനിയും ഞായറും കോടതി അവധിയുമായിരുന്നു.തിങ്കളാഴ്ച രാവിലെ വിഗ്‌നേഷ് എന്നയാള്‍ കോടതി കെട്ടിടത്തിന് അടുത്തെത്തിയപ്പോഴാണ് കിണറ്റില്‍ നിന്ന് ശബ്ദം കേട്ടത്.
കിണറ്റില്‍ വൃദ്ധനെ കണ്ട ഇയാള്‍ ഉടന്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. നടരാജന്‍ ഇപ്പോള്‍ അബോധാവസ്ഥയില്‍ ആശുപത്രിയിലാണ്.
















