ബ്യൂണസ് അയേഴ്‌സ്: ഫുട്‌ബോള്‍ മത്സരത്തിനിടെ വീണ്ടും ദുരന്തം. ഇത്തവണ മൈതാനത്തിലല്ല, മറിച്ച് സ്‌റ്റേഡിയത്തിലാണെന്നു മാത്രം. ഒരു ആരാധകനെ സ്‌റ്റേഡിയത്തിന് മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ടുകൊല്ലുകയായിരുന്നു.
അര്‍ജന്റീനയുടെ ഒന്നാം ഡിവിഷന്‍ ലീഗ് മത്സരത്തില്‍ കോര്‍ഡോബാ ഡര്‍ബിയില്‍ ബെല്‍ഗ്രാനോയും അത്‌ലറ്റികോ ടാലറാസും തമ്മില്‍ ശനിയാഴ്ച നടന്ന മത്സരത്തിനിടെയാണ് സംഭവം. ടാലറസിന്റെ ആരാധകര്‍ ബെല്‍ഗ്രാനോയുടെ അനുയായി ആയ ഇമ്മാനുവല്‍ ബാല്‍ബാവോയെ ഗാലറിയുടെ മുകളില്‍ നിന്ന് താഴേക്ക് എറിയുകയായിരുന്നു. അഞ്ച് മീറ്റര്‍ ഉയരത്തില്‍ നിന്ന് വീണ് തലയ്‌ക്ക് ഗുരുരതമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാല്‍ബാവോ തിങ്കളാഴ്ച ഉച്ചയോടെ മരിക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ ഒന്നാം പ്രതി എന്ന് പോലീസ് സംശയിക്കുന്ന ഓസ്‌കാര്‍ ഗോമസിനെ ഇതുവരെ പിടികൂടാനായിട്ടില്ല.
ഇതിനിടെ ഓസ്‌ക്കാര്‍ ഗോമസിനെതിരെ ഗുരുതര ആരോപണവുമായി ഇമ്മാനുവലിന്റെ പിതാവ് റൗള്‍ ബാള്‍ബോ രംഗത്തെത്തി. അഞ്ചു വര്‍ഷം മുമ്പ് തന്റെ മൂത്ത മകനെയും ഓസ്‌കാര്‍ ഗോമസ് കൊന്നിരുന്നുവെന്നാണ് റൗള്‍ ബാള്‍ബോയുടെ ആരോപണം.
















