ന്യൂദല്‍ഹി : ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്ത നാലു ലക്ഷത്തോളം വ്യാജ കമ്പനികളുടെ രജിസ്ട്രേഷന് റദ്ദാക്കുന്നു. കടലാസില്‍ മാത്രമുള്ള കമ്പനികള്‍ക്കെതിരെയുള്ള നടപടികള്‍ കേന്ദ്രം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇത്.
ഇതുപ്രകാരം 2013 മുതല്‍ 2016 കാലയളവിലെ മൂന്നു വര്‍ഷത്തെ ആദായ നികുതി വിവരങ്ങള്‍ വെളിപ്പെടുത്താത്തവര്‍ക്കെതിരെയാണ് നടപടിയുള്ളത്. ഈ കമ്പനികളുടെ രജിസ്ട്രേഷന് റദ്ദാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞമാസം മുതല്‍ ഔദ്യോഗികമായി നോട്ടീസും അയച്ചുതുടങ്ങിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ നല്‍കുന്നതിന് 30 ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. ഇത്തരത്തില്‍ റദ്ദാക്കപ്പെടുന്ന കമ്പനികളുടെ വിവരങ്ങള്‍ കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം(എംസിഎ) പരസ്യപ്പെടുത്തുന്നതാണ്. കൂടാതെ ആര്‍ബിഐക്കും ആദായ നികുതി വകുപ്പിനും ഇവ കൈമാറും.
അതേസമയം ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള കമ്പനികളില്‍ ഇടപാടുകള്‍ നടക്കുന്നുണ്ടോയെന്നത് സംബന്ധിച്ച് അറിയില്ലെന്നും, അതിനാലാണ് ആദായ നികുതിയുട വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നതെന്നും എംസിഎ വൃത്തങ്ങള്‍ അറിയിച്ചു. നികുതി വിവരങ്ങള്‍ നല്കാന് പരാജയപ്പെടുന്ന കമ്പനികളുടെ വിശദാംശങ്ങള്‍ സീരിയസ് ഫ്രോഡ്സ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന് കൈമാറും.
ഇവര്‍ അന്വേഷണം നടത്തിയശേഷമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കേസ് കൈമാറുന്നത്. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് വ്യാജ കമ്പനികളുടെ പേരില്‍ നിരവധി തുക നിക്ഷേപിച്ചതായും കൈമാറ്റം ചെയ്തതായും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇത്തരം കമ്പനികള്‍ക്കെതിരെയുള്ള നടപടികള്‍ കേന്ദ്രം ശക്തമാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: