കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പള്‍സര്‍ സുനി ഉള്‍പ്പടെ ഏഴുപേര്‍ക്കെതിരെയാണ് കുറ്റപത്രം. സുനിയെ ഒന്നാം പ്രതിയാക്കിയാണ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ 375 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം നല്‍കിയത്. പീഡനശ്രമം, തട്ടികൊണ്ടുപോകല്‍, ഗൂഡാലോചന, ഭീഷണിപ്പെടുത്തല്‍, ബലപ്രയോഗത്തിലൂടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കേസില്‍ 165 സാക്ഷികളുണ്ട്. സംഭവം നടന്ന് രണ്ട് മാസം പിന്നിട്ടപ്പോഴാണ് അന്വേഷണ സംഘം കുറ്റപത്രം നല്‍കിയത്. സുനിയെ കൂടാതെ ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിന്‍ ആന്റണി, ആലപ്പുഴ സ്വദേശി വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശികളായ പ്രദീപ്, വിജേഷ്, തമ്മനം സ്വദേശി മണികണ്ഠന്‍, ഇരിട്ടി സ്വദേശി ചാര്‍ലി തോമസ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.
കേസിലെ പ്രധാന തൊണ്ടിമുതലായ സുനിയുടെ ഫോണ്‍ ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഇതിനുള്ള ശ്രമം നടത്തിവരുകയാണെന്ന് പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. ഫോണ്‍, മെമ്മറി കാര്‍ഡ്, സിസിടിവി ദൃശ്യങ്ങള്‍ എന്നിവയുടെ ശാസ്ത്രീയ പരിശോധന ഫലം വിചാരണ വേളയില്‍ കോടതി പരിശോധിക്കും.
ഫെബ്രുവരി 17ന് രാത്രിയാണ് പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം യുവനടിയെ ആക്രമിച്ച് കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് സുനിയും കൂട്ടാളികളും കോയമ്പത്തൂരിലേക്ക് കടന്നു. കേസില്‍ ഇതുവരെ സുനി ഉള്‍പ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്തു. പിടിയിലായ പ്രതികളുടെ ഫോണ്‍ രേഖകള്‍ ഭൂരിഭാഗവും പോലീസ് ശേഖരിച്ചു കഴിഞ്ഞു. നടി സഞ്ചരിച്ചിരുന്ന കാറിനെ ടെമ്പോ ട്രാവലറില്‍ പ്രതികള്‍ പിന്തുടരുന്ന ദൃശ്യങ്ങളും ലഭിച്ചു. സുനില്‍കുമാര്‍ അങ്കമാലിയിലെ അഭിഭാഷകന് കൈമാറിയ മൊബൈല്‍ ഫോണിന്റെയും മെമ്മറി കാര്‍ഡിന്റെയും ശാസ്ത്രീയ പരിശോധന ഫലം കോടതില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ പോലീസിന് കൈമാറിയിട്ടില്ല. ഇത് വിചാരണവേളയില്‍ തെളിവായി കണക്കാക്കും.
നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത് അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചിരുന്നുവെന്നാണ് സുനി പോലീസില്‍ നല്‍കിയ മൊഴി. പോലീസ് രണ്ട് പ്രാവശ്യം പ്രതീഷിനെ വിളിപ്പിച്ചുവെങ്കിലും മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് സൂചനകളൊന്നും നല്‍കിയില്ല. കേസില്‍ നിര്‍ണായകമായേക്കാവുന്ന ഈ ഫോണ്‍ കണ്ടെത്താനായി പ്രതീഷിനെ നിയമപരമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തേക്കും. കുറ്റപത്രം നല്‍കിയെങ്കിലും അന്വേഷണം തുടരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ആലുവ ഡിവൈഎസ്പി കെ.ജി. ബാബുകുമാര്‍ പറഞ്ഞു.
















