കൊച്ചി: നാഥാ നീവരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുന്നു… എന്ന ഭാവത്തില്‍ ഒരാള്‍. ഞാനങ്ങോട്ടേക്കില്ലിപ്പോള്‍, മാനം നോക്കി സഞ്ചാരം എന്ന ഭാവത്തില്‍ മറ്റൊരാള്‍. കേരള രാഷ്‌ട്രീയത്തിലെ ഇന്നലത്തെ പകല്‍ ഒരു ക്ഷണത്തിന്റേയും അതിന്റെ നിഷേധത്തിന്റേയും കൗതുകക്കാഴ്ചകള്‍ സമ്മാനിച്ചു.
മാണി സാര്‍ യുഡിഎഫിലേക്കു തിരിച്ചുവരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത് കെപിസിസിയുടെ താത്കാലിക പ്രസിഡന്റ് എം.എം. ഹസന്‍ തൃശൂരില്‍. തമിഴ്‌നാടു രാഷ്‌ട്രീയത്തില്‍ നിന്ന് കൊത്താന്‍ പാകത്തിന് ഇരയൊന്നും പെട്ടെന്നു കിട്ടാനില്ലെന്നു തിരിച്ചറിഞ്ഞ ന്യൂസ് ചാനലുകള്‍ ക്യാമറ കോട്ടയത്തേക്കു തിരിച്ചുവച്ചു.
മാണിയുടെ തിരിച്ചുവരവ് 21ന് ചേരുന്ന യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യുമെന്നും ഹസന്‍ പറഞ്ഞു.ഹസന്റെ ആഗ്രഹത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കളുടെ കമന്റുകള്‍ വന്നു.
ചര്‍ച്ച പൊലിക്കുമ്പോള്‍ അതാ കോട്ടയത്തു നിന്ന് കാത്തിരുന്ന സ്വരം. ഞാന്‍ ഇപ്പോള്‍ അങ്ങോട്ടില്ലെന്നായിരുന്നു മാണിയുടെ നിലപാട്. മലപ്പുറത്തെ പിന്തുണ കുഞ്ഞാലിക്കുട്ടിക്കു മാത്രമായിരുന്നു. നിലപാടില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ല. ചരല്‍ക്കുന്ന് ക്യാമ്പിലെ നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളത്. മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി തീരുമാനങ്ങള്‍ കൈക്കൊള്ളുക. ആരോടും അമിത സ്‌നേഹമോ അന്ധമായ വിരോധമോ ഇല്ല, മാണി തുടര്‍ന്നു.
















