പാലക്കാട്: മുതലാളിത്തത്തിനും കമ്മ്യൂണിസത്തിനും ബദലായി ഭാരതീയസംസ്‌കാരത്തില്‍ അധിഷ്ഠിതമായ ഏകാത്മ മാനവദര്‍ശനത്തിന്റെ പ്രസക്തി ഭാരതമൊട്ടാകെ പ്രചരിപ്പിക്കുവാനുള്ള ദൗത്യം ഏറ്റെടുക്കണമെന്ന് ബി ജെ പി അഖിലേന്ത്യാ സെക്രട്ടറി എച്ച് രാജാ ആഹ്വാനം ചെയ്തു. പാലക്കാട്ട് ബിജെപി സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍വ്വകലാശാലാ -കോളേജ് തലങ്ങളിലും ഗവേഷണ വിഭാഗത്തിലും ഏകാത്മ മാനവദര്‍ശനം പാഠ്യ വിഷയമാക്കണം. ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ ആദരവാണിത്.1967-ല്‍ കോഴിക്കോട്ടു നടന്ന ജനസംഘം സമ്മേളനത്തിലാണ് ഉപാധ്യായ അഖിലേന്ത്യാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. അതിനാല്‍ ഇക്കാര്യത്തില്‍ കേരളീയര്‍ക്ക് പ്രത്യേക ചുമതലയുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഈ കാലയളവില്‍ വിവിധ തലത്തിലുള്ള കര്‍മ്മ പദ്ധതികള്‍ക്ക് ഭുവനേശ്വറില്‍ നടന്ന അഖിലേന്ത്യാ സമിതി രൂപം നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ മുഴുവന്‍ സ്ഥലത്തും ബിജെപിയുടെ അടിത്തറ ശക്തിപ്പെട്ടുകഴിഞ്ഞു. ഇന്ന് ബിജെപി മാത്രമാണ് ദേശീയ കക്ഷി. നാല്‍പ്പതു ശതമാനത്തോളം പട്ടികവര്‍ഗ്ഗ വോട്ടര്‍മാരുള്ള ഒറീസ്സയിലും ഛത്തീസ്ഗഡിലും ബിജെപിക്കുണ്ടായ വിജയം രാജ ചൂണ്ടിക്കാട്ടി.
സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സഹ സംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷ്, നവീന്‍ കുമാര്‍ കട്ടീല്‍ എം.പി., ഒ.രാജഗോപാല്‍ എംഎല്‍എ, വി.മുരളീധരന്‍, സി.കെ.പദ്മനാഭന്‍, കെ.വി.ശ്രീധരന്‍, പി.കെ.കൃഷ്ണദാസ്,ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍, എ.എന്‍ രാധാകൃഷ്ണന്‍, ശോഭാസുരേന്ദ്രന്‍, എം.ടി.രമേശ്,ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണദാസ്, എന്നിവര്‍ സംസാരിച്ചു.
















