കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ കളി സ്ഥലത്ത് കാഞ്ഞങ്ങാട് നഗരസഭയുടെ അനധികൃത കെട്ടിട നിര്‍മ്മാണം തടയുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. കെട്ടിട നിര്‍മ്മാണം നടക്കുന്ന കളിസ്ഥലവും, ഗവ.ഹൈസ്കൂളും സന്ദര്‍ശിച്ച ശേഷമാണ് നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്. 1980 ജൂലൈ 14ന് അന്നത്തെ കലക്ടര്‍ എം.എന്‍.കോശി അനുവദിച്ച രണ്ട് ഏക്കര്‍ സ്ഥലത്താണ് യാതൊരു നിയമങ്ങളും പാലിക്കാതെ നഗരസഭ കെട്ടിടം പണിയുന്നത്. നിയമപ്രകാരം സ്കൂള്‍ ഹെഡ്മാസ്റ്ററുടെയും, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ജില്ലാ കലക്ടര്‍ എന്നിവരുടെ അനുവാദം ആവശ്യമാണ്. ഇക്കാര്യത്തില്‍ സ്കൂള്‍ അധികൃതരുടെയും മറ്റ് ഗവണ്മെന്റ് സ്ഥാപനങ്ങളുടെയും കലക്ടറുടെയും അനുവാദത്തോടെ ഗ്രൗണ്ട് സ്കൂളിന് ഉപയോഗമാക്കാന്‍ തക്കവണ്ണം സംരക്ഷിക്കണമെന്നും അല്ലാത്തപക്ഷം ബിജെപി കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ കമ്മറ്റി ശക്തമായ ജനകീയ സമരത്തിന് ഇറങ്ങുമെന്ന് ബിജെപി നേതാക്കള്‍ മുന്നറിയിപ്പ് നല്കി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്, ജില്ലാ സെക്രട്ടറി എം.ബല്‍രാജ്, മണ്ഡലം പ്രസിഡന്റ് എന്‍.മധു, കൗണ്‍സിലര്‍ എച്ച്.ആര്.ശ്രീധരന്, മുന്‍സിപ്പല്‍ പ്രസിഡന്റ് എന്‍.അശോക് കുമാര്‍, മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി ഉണ്ണിക്കൃഷ്ണന് കല്ല്യാണ്‍റോഡ്, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീജിത്ത് പറക്കളായി എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്. സ്കൂള്‍ അധികൃതരെയും, കായികപ്രേമികളെയും, നാട്ടുകാരെയും ആശങ്കയിലാഴ്ത്തിയാണ് കാഞ്ഞങ്ങാട്ടെ തന്നെ ഏക കളിസ്ഥലം അനധികൃത കെട്ടിടത്തിനായി നഗരസഭ ഉപയോഗപ്പെടുത്തുന്നത്. കളി സ്ഥലങ്ങള്‍ കുറഞ്ഞു വരുന്ന കാലത്ത് കാഞ്ഞങ്ങാടും പരിസര പ്രദേശങ്ങളിലെയും പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഏക കളി സ്ഥലം കൂടിയാണിത്. കളിസ്ഥലത്ത് കളിക്കാരുടെ ആവശ്യത്തിനായി നിര്‍മ്മിച്ച ശൗചാലയവും, ഡ്രസ്സിംഗ് റൂം നിര്‍മ്മാണവും പാതിവഴിക്ക് ഉപേക്ഷിച്ച് വൃത്തിഹീനമായി കാടുപിടിച്ചു കിടക്കുകയാണ്. അത് പരിഹരിച്ച് ഉപയോഗപ്രദമാക്കുന്നതിന് പകരം കളിസ്ഥലം നശിപ്പിച്ച് അനധികൃത കെട്ടിടം നിര്‍മ്മിക്കാനാണ് നഗരസഭ ഒരുങ്ങുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: