പന്തളം: പന്തളം നഗരസഭയിലും സമീപ പഞ്ചായത്തുകളിലും മാലിന്യ സംസ്കരണത്തിന് മതിയായ സംവിധാനമില്ലാത്തതിനാല്‍ മത്സ്യമാംസാവശിഷ്ടങ്ങളുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളുന്നത് വഴിയോരങ്ങളിലും നദിയിലും നീര്‍ച്ചാലുകളിലും കാവുകളിലും പുഞ്ചകളിലുമാണ്.
പന്തളം ഗ്രാമപഞ്ചായത്ത് നഗരസഭയായി ഉയര്‍ന്നിട്ടും ഇവിടെ ആവശ്യമനുസരിച്ചുള്ള മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് നടപടിയായിട്ടില്ല. പന്തളം ചന്തയില്‍ പഞ്ചായത്ത് സ്ഥാപിച്ച ഒരു സംസ്കരണ പ്ലാന്റ് മാത്രമാണ് ഇപ്പോഴുമുള്ളത്. ഇത് തീര്‍ത്തും അപര്യാപ്തമാണ്. ഇവിടെത്തന്നെ പച്ചക്കറി, മത്സ്യ, മാംസ വ്യാപാരികള്‍ തൊട്ടു ചേര്‍ന്നുള്ള മുട്ടാര്‍നീര്‍ച്ചാലിലേക്കാണ് അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുന്നത്. ഇതുകൂടാതെ നഗരഹൃദയത്തില്‍ത്തന്നെ കുറുന്തോട്ടയം കവലയില്‍ പന്തളം ചെറിയപാലത്തിനുമുകളില്‍ നിന്നും എല്ലാത്തരം മാലിന്യങ്ങളും തള്ളുന്നതിനാല്‍ നീര്ച്ചാല് സര്‍വ്വവിധ പകര്‍ച്ചവ്യാധികളുടെയും ഉറവിടമായി മാറിയിരിക്കുന്നു. നീര്ച്ചാല് മാലിന്യവാഹിനിയായത് ഈ നീര്ച്ചാല് എത്തിച്ചേരുന്ന കരിങ്ങാലി പാടശേഖരങ്ങള്‍ക്കും സമീപ പഞ്ചായത്തുകളായ ആലപ്പുഴ ജില്ലയിലെ പാലമേല്‍, നൂറനാട് പഞ്ചായത്തുകളിലെ ചില പ്രദേശങ്ങള്‍ക്കും ഭീഷണിയായിരിക്കുകയാണ്.
അച്ചന്‍കോവിലാറിനു കുറുകെയുള്ള പന്തളം വലിയപാലത്തില്‍ വാഹനങ്ങളിലെത്തിക്കുന്ന മാലിന്യങ്ങള്‍ ആറ്റിലേക്കു കളയുന്നതിനാല്‍ വസ്ത്രമലക്കാനോ കുളിക്കാനോ ഉപയോഗിക്കാനാകാത്ത വിധം ആറ്റിലെ വെള്ളവും മലിനമായിരിക്കുന്നു. മെഡിക്കല്‍ മിഷന്-നൂറനാട് റോഡില്‍ പൂഴിക്കാട് ചിറമുടിയിലും റോഡരികുകളിലും, പന്തളം-മാവേലിക്കര റോഡില്‍ ഐരാണിക്കുടി പാലത്തിനു സമീപം റോഡിനിരുവശങ്ങളിലും ചാക്കുകളിലാക്കിയ മാംസാവശിഷ്ടങ്ങള്‍ വാഹനങ്ങളിലെത്തിച്ച് ഉപേക്ഷിക്കുന്നത് ഇപ്പോഴും തുടരുകയാണ്. ഇങ്ങനെ മാലിന്യങ്ങള്‍ തള്ളുന്നത് രാത്രികാലങ്ങളിലായതിനാല്‍ ഇത്തരക്കാരെ പിടികൂടാനോ നടപടിയെടുക്കാനോ കഴിയാതെ പോലീസും നഗരസഭാധികൃതരും ഇരുട്ടില്‍ തപ്പുകയാണ്. മാലിന്യത്തില്‍ നിന്നുയരുന്ന ദുര്‍ഗ്ഗന്ധം കാരണം ഇതുവഴിയുള്ള യാത്രയും ദുഷ്കരമായിരിക്കുകയാണ്.
സമീപ പഞ്ചായത്തുകളായ കുളനടയിലും തുമ്പമണ്ണിലും മെഴുവേലിയിലും പന്തളം തെക്കേക്കരയിലും മാലിന്യ സംസ്കരണ പ്ലാന്റ് പേരിനുപോലുമില്ലാത്തതിനാല്‍ സ്ഥിതി വിഭിന്നമല്ല. കുളനടയില്‍ എംസി റോഡരികിലുള്ള മാന്തുക ഒന്നാം പഞ്ചയിലും കുപ്പണ്ണൂരില്‍ രണ്ടാം പുഞ്ചയിലുമാണ് മാലിന്യങ്ങള്‍ തള്ളിയിരുന്നത്. ബിജെപി കുളനട പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റും ഗ്രാമപഞ്ചായത്തംഗവുമായ ജയചന്ദ്രന് മുന്‍കൈയ്യെടുത്ത് കുപ്പണ്ണൂരില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയും വഴിയോര വിശ്രമകേന്ദ്രവും പാര്‍ക്കും ഒരുക്കുകയും ചെയ്തതിനാല്‍ ഇവിടുത്തെ മാലിന്യപ്രശ്നം പരിഹരിക്കപ്പെട്ടിരിക്കുകയാണ്. ഇേപ്പാള്‍ കുപ്പണ്ണൂര്‍-ഉള്ളന്നൂര്‍ റോഡും, കുളനട-പുന്തല റോഡില്‍ കക്കട ഒന്നാം പാലത്തിനു സമീപവും മാലിന്യനിക്ഷേപകേന്ദ്രമായി മാറിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: