പോര്‍ട്ട് ഒഫ് സ്‌പെയിന്‍: ബംഗ്ലാദേശിനെതിരെ ഇന്നാരംഭിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ വെസ്റ്റിന്‍ഡീസിനുവേണ്ടി കളിക്കാനുണ്ടാവില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ ഗെയ്‌ലിന് അവധി നല്‍കാന്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു.
സെന്റ് ലൂസിയയിലെ ആദ്യ മത്സരത്തില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഗെയ്ല്‍ തരക്കേടില്ലാത്ത സംഭാവന നല്‍കിയിരുന്നു. കളിയില്‍ വിന്‍ഡീസ് പത്തു വിക്കറ്റിന് ജയിക്കുകയും ചെയ്തു. ഗെയ്‌ലിന്റെ അഭാവത്തില്‍ ഗയാന ബാറ്റ്‌സ്മാന്‍ ലിയോണ്‍ ജോണ്‍സന് അരങ്ങേറ്റത്തിന് അവസരം ലഭിക്കും. മൂന്നു ഏകദിനങ്ങളില്‍ ഒതുങ്ങുന്നതാണ് ജോണ്‍സന്റെ അന്താരാഷ്‌ട്ര മത്സരപരിചയം. 50 ഫസ്റ്റ് ക്ലാസ് മാച്ചുകളിലെ ശരാശരി 33.18. വെസ്റ്റിന്‍ഡീസിന്റെ 500-ാമത്തെ ടെസ്റ്റിലാണ് ജോണ്‍സന്‍ അരങ്ങേറുന്നതെന്ന പ്രത്യേകതയുമുണ്ട്.
















