കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 25 മുതല്‍ ഒക്ടോബര്‍ 3വരെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നവരാത്രി മഹോത്സവ ദിവസങ്ങളില്‍ പതിവ് ക്ഷേത്രാനുഷ്ഠാനങ്ങള്ക്കു പുറമെ, മുറജപം, പുരുഷസൂക്താര്‍ച്ചന, ചക്രാബ്ജപൂജ, പുഷ്പാഭിഷേകം, നിറമാല, സാരസ്വത സൂക്താര്‍ച്ചന, തുടങ്ങിയ വിശേഷ പൂജകള്‍ നടക്കും. തന്ത്രി പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും.
25ന് രാവിലെ 7.30ന് കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രഅക്കാദമി അംഗം കൃഷ്ണപ്രസാദ് നിര്‍വ്വഹിക്കും. വൈകിട്ട് 6ന് ദേശീയ സംഗീത നൃത്തോത്സവം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. കുമ്മനം രാജശേഖരന് അനുഗ്രഹപ്രഭാഷണം നടത്തും. ചടങ്ങില്‍ ദക്ഷിണ മൂകാംബി ആസ്ഥാന വിദ്വാന്‍പട്ടം മൃദംഗവിദ്വാന്‍ ചങ്ങനാശേരി ടി.എസ്. സതീഷ്കുമാറിനും കച്ഛപി പുരസ്കാരം വയലിന് വിദ്വാന് പുതുപ്പള്ളി ദിവാകരനും സമ്മാനിക്കും.
28ന് രാവിലെ 10ന് സാരസ്വതം സ്കോളര്‍ഷിപ്പ് വിതരണവും സംഗീത സരസ്വതി പുരസ്കാര സമര്‍പ്പണവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും.
ഒക്ടോബര്‍ 1ന് ഗ്രന്ഥഘോഷയാത്രയും പൂജവയ്പും നടക്കും. വിശിഷ്ട ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും വഹിച്ചുകൊണ്ട്, കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രം, ചോഴിയക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ചാന്നാനിക്കാട് സ്വാമി വിവേകാനന്ദ പബ്ലിക് സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നും പുറപ്പെടുന്ന രഥഘോഷയാത്രകള്‍ വൈകിട്ട് 5.30ഓടെ പരുത്തുംപാറ കവലയില്‍ എത്തിച്ചേരും. പനച്ചിക്കാട് ശ്രീസരസ്വതി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ താളമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയെ സ്വീകരിക്കും. പനച്ചിക്കാട് കുമാരനാശാന് മെമ്മോറിയല്‍ എസ്എന്‍ഡിപി ശാഖായോഗത്തിന്റെയും ഓട്ടക്കാഞ്ഞിരം കവലയില്‍ ചോഴിയക്കാട് ശ്രീകൃഷ്ണ സത്സംഗസമിതിയുടെയും പനച്ചിക്കാട് എന്‍എസ്എസ് കരയോഗത്തിന്റെയും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകിട്ട് 6.15ഓടെ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ പൂജവയ്പ് നടക്കും.
ഒക്ടോബര്‍ 2ന് മഹാനവമി ദര്‍ശനവും 3ന് പുലര്‍ച്ചെ 4മുതല്‍ വിദ്യാരംഭവും നടക്കും. പത്രസമ്മേളനത്തില്‍ സെക്രട്ടറി കൈമുക്കില്ലത്ത് കെ.എന്‍. നാരായണന് നമ്പൂതിരി, മാനേജര്‍ കരുനാടില്ലത്ത് കെ.എന്‍. നാരായണന് നമ്പൂതിരി, അസി. മാനേജര്‍ കൈമുക്കില്ലത്ത് കെ.വി. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: