കോട്ടയം: കുട്ടനാട് പാക്കേജ് നിര്‍മ്മാണ പ്രവൃത്തികള്‍ സംബനധിച്ച അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് കുട്ടനാടന്‍ കര്‍ഷക സംഘടന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. പാരിസ്ഥിതിക- കാര്‍ഷിക മേഖലകളില്‍ അപകടകരമായ പതനത്തിലെത്തിയ കുട്ടനാടിനെ വീണ്ടെടുക്കാനും പുനരുജ്ജീവിപ്പിക്കാനും ഉതകുന്ന പദ്ധതി എന്ന നിലയിലാണ് കുട്ടനാട് പാക്കേജ് വിഭാവനം ചെയ്തത്. പദധതി ആരംഭിച്ച് 5 വര്‍ഷം പിന്നിട്ടപ്പോഴും നിര്‍മ്മാണ പ്രവൃത്തികളിലെ വിവേചനമില്ലായ്മ മൂലം ലക്ഷ്യബോധം ഇല്ലാത്ത അവസ്ഥയാണ് ഉണ്ടായത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 74 പഞ്ചായത്തുകളിലായി പരന്നു കിടക്കുന്ന കുട്ടനാടന്‍ കാര്‍ഷിക മേഖല ഇന്ന് അതിരൂക്ഷവും ദുരിതപൂര്‍ണവുമായ വെള്ളപ്പൊക്ക ക്കെടുതികളുടെ പിടിയിലാണ്. വരുന്ന പുഞ്ചകൃഷി യഥാസമയം ഇറക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്.
കുട്ടനാടിന്റെ അടിസ്ഥാന പ്രതിസന്ധി പരിഹരിക്കാന്‍ ചെറുതും വലുതുമായ തോടുകളും പുഴകളും ജലാശയങ്ങളും ആഴംകൂട്ടി സമഗ്രമായി നവീകരിക്കണമെന്ന് കുട്ടനാടന്‍ കര്‍ഷക സംഘടന ആവശ്യപ്പെട്ടു. ജലാശയങ്ങളുടെ നവീകരണം എന്ന ഒറ്റ അജണ്ടയില്‍ കുട്ടനാട് പാക്കേജ് പുനക്രമീകരിച്ചാല്‍ കുട്ടനാടിന്റെ ദുരിതങ്ങള്‍ എന്നേക്കുമായി പരിഹരിക്കാനാകും. തണ്ണീര്‍മുക്കം ബണ്ടും കരിയാര്‍ സ്പില്‍വേയും ഉള്‍പ്പെടെ കുട്ടനാട്ടിലെ എല്ലാ ഒരുമുട്ടുകളും മാര്‍ച്ച് 15നകം തുറന്ന് ഓരുവെള്ളം കടത്തിവിടുന്നത് സ്വാഭാവിക ശുചീകരണം സാദ്ധ്യമാക്കും. തണ്ണീര്‍ മുക്കം ബണ്ടിന്റെ മദ്ധ്യഭാഗത്തെ മണ്‍ചിറ നീക്കം ചെയ്ത് ബണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുള്ള പദ്ധതിയും അടിയന്തിരമായി നടപ്പാക്കണം.
കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കുള്ളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികള്‍ വഴി കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ 90ശതമാനവും കരിങ്കല്ല് കെട്ടി പുറംബണ്ടുകള്‍ സംരക്ഷിച്ചിട്ടുള്ളതാണ്. എന്നാല്‍ കുട്ടനാട്ടിലെ എല്ലാ പാടശേഖരങ്ങളുടെയും പുറംബണ്ടുകള്‍ വീണ്ടും കരിങ്കല്ലുകെട്ടാന് പദ്ധതി രീപൂകരിക്കുകയാണ് പാക്കേജില്‍ ചെയ്തത്. ഇത് ധൂര്‍ത്തിനും അഴിമതിക്കും കാരണമായതായി കര്‍ഷക സംഘടന ചൂണ്ടിക്കാട്ടി. ജലാശയങ്ങളുടെ സമഗ്ര നവീകരണവും അതുവഴി സുഗമമായ ജലപ്രവാഹവും നവീകരണത്തിലൂടെ ജലാശയങ്ങളില്‍ നിന്നും കയറ്റുന്ന ചെളിയും മണ്ണും ഉപയോഗിച്ച് പുറംബണ്ടുകളുടെ ബലപ്പെടുത്തലും എന്ന ലക്ഷ്യത്തില്‍ കുട്ടനാട് പാക്കേജ് അടിയന്തിരമായി പുനക്രമീകരിക്കണമെന്ന് കുട്ടനാടന്‍ കര്‍ഷക സംഘടന ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: