കണ്ണൂര്‍: മനോജ് വധക്കേസിലെ പ്രധാന പ്രതി വിക്രമന് പരിക്കേറ്റത് ബോംബ് സ്ഫോടനത്തിനിടയിലെന്ന് സ്ഥിരീകരണം. മനോജ് സഞ്ചരിച്ച വാനിന് നേരെ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബോംബെറിയുന്നതിനിടയിലാണ് വിക്രമന് പരിക്കേറ്റതെന്ന് ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി. ഇതോടെ മനോജിന്റെ കൊലപാതകത്തില്‍ വിക്രമന് നേരിട്ട് പങ്കെടുത്തതിനുള്ള തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചു.
വയറിനും വലത് കൈക്കും കാലിനുമായി ഏഴ് മുറിവുകളാണ് വിക്രമന്റെ ശരീരത്തിലുള്ളത്. കാല്‍മുട്ടിന് താഴെ ചീളുകള്‍ തുളച്ച് കയറിയതായി എക്സറേയില്‍ വ്യക്തമായിട്ടുണ്ട്. രണ്ടാഴ്ചക്കിടെയുണ്ടായ പരിക്കുകളാണ് ഇവയെന്നും പരിശോധനാ ഫലം തെളിയിക്കുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചക്ക് ശേഷമാണ് വിക്രമനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചത്.
മനോജിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ പരിയാരം മെഡിക്കല്‍ കോളേജിലെ ഡോ. ഗോപാലകൃഷ്ണനില്‍ നിന്നും ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു. കൊലക്കുപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമവും നടത്തിവരികയാണ്. ആയുധം പുഴയില്‍ വലിച്ചെറിഞ്ഞെന്നാണ് വിക്രമന് നല്കിയ മൊഴി. ഇവിടെ വിശദ പരിശോധന നടത്തും. ഇതിനിടെ സംഭവം നടന്ന ദിവസത്തിന് തലേന്ന് വരെ വിക്രമന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി വ്യക്തമായിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങളും പരിശോധിച്ച് വരികയാണ്. വിക്രമനോടൊപ്പമുണ്ടായ മറ്റ് പ്രതികള്‍ കൊലപാതക ദിവസവും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: