കൊച്ചി: രാജ്യത്തെ ഹീമോഫീലിയ ചികിത്സാകേന്ദ്രങ്ങളുടെ ദേശീയ സമ്മേളനമായ എച്ച്ടിസി (ഹീമോഫീലിയ ട്രീറ്റ്മെന്റ് സെന്റര്‍) കോണ്‍ക്ലേവ് അടുത്ത വര്‍ഷം ആലുവയില്‍ നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി അറിയിച്ചു. ആലുവയില്‍ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹീമോഫീലിയ ചികിത്സാകേന്ദ്രത്തിന്റെ വികസനത്തിന് മാര്‍ഗനിര്‍ദേശം നല്‍കാനും കോണ്‍ക്ലേവ് വഴിയൊരുക്കും.
ദല്‍ഹിയില്‍ കഴിഞ്ഞ ദിവസം സമാപിച്ച ഈ വര്‍ഷത്തെ ദേശീയ കോണ്‍ക്ലേവിലാണ് അടുത്ത വര്‍ഷത്തെ സമ്മേളനം ആലുവയില്‍ നടത്താന്‍ ധാരണയായത്. സമ്മേളനത്തില്‍ ആലുവ ഹിമോഫീലിയ കേന്ദ്രത്തെ പ്രതിനിധീകരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പുറമെ ഡോ. എന്‍. വിജയകുമാര്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ. വി. ബീന എന്നിവരും പങ്കെടുത്തു. ഹീമോഫീലിയ ചികിത്സയുമായി ബന്ധപ്പെട്ട നയരൂപീകരണ വേദിയായ കോണ്‍ക്ലേവില്‍ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് അധികൃതരും പ്രമുഖ ഡോക്ടര്‍മാരും ജനപ്രതിനിധികളുമാണ് പങ്കെടുക്കുന്നത്.
എറണാകുളം ജില്ലയിലെ മുഴുവന്‍ ഹീമോഫീലിയ രോഗികള്‍ക്കും ആലുവ കേന്ദ്രത്തില്‍ സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കേന്ദ്രത്തിന്റെ വികസനത്തിനായി 30 ലക്ഷം രൂപ ദേശീയ ആരോഗ്യ ദൗത്യം വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആറു മാസത്തിനിടയില്‍ 308 പേരാണ് ഇവിടെ ചികിത്സ തേടിയത്. അയ്യായിരം രോഗികള്‍ക്ക് ചികിത്സ നല്കാനാകുന്ന തലത്തിലേക്ക് കേന്ദ്രത്തെ ഉയര്‍ത്തുകയാണ് ലക്ഷ്യം. മൗലാന ആസാദ് മെഡിക്കല്‍ കോളേജിന് പുറമെ ലുധിയാന ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജും ആലുവ കേന്ദ്രത്തിന്റെ വികസനവുമായി സഹകരിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.
ഫരീദാബാദിലെ ഹീമോഫീലിയ ചികിത്സാകേന്ദ്രവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: