കൊച്ചി: സിപിഎമ്മിന്റെ രാഷ്ട്രീയ എതിരാളികളെ കൊന്നുതള്ളുന്നത് ഇഎംഎസും എകെജിയും നായനാരും! അന്തരിച്ച, മുതിര്‍ന്ന നേതാക്കളുടെ സ്മരണകളെപ്പോലും അപമാനിക്കും വിധമാണ് പാര്‍ട്ടിയിലെ കൊലയാളി സംഘങ്ങള്‍ക്കു വിളിപ്പേര് നല്‍കുന്നത്.
കൊലപാതകമടക്കമുള്ള പാര്‍ട്ടി ഓപ്പറേഷനുകള്ക്കുവേണ്ടിയുള്ള ഗുണ്ടാ സംഘങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പേരുകള്‍ അന്തരിച്ച നേതാക്കളുടേതാണ്. തങ്ങള്‍ ചെയ്യുന്നത് മഹത്തായ എന്തോ കാര്യമാണ് എന്ന് അവരെ ബോധ്യപ്പെടുത്താനാണ് കൊലയാളി സംഘത്തിന് വലിയ നേതാക്കളുടെ പേരിടുന്നതെന്നാണ് പോലീസ് വിലയിരുത്തല്‍. ഇതോടെ എന്തും ചെയ്യാന്‍ ഇവര്‍ തയ്യാറാകുന്നു. നേതൃത്വത്തിന് വേണ്ടതും അതാണ്. എന്നാല്‍ എല്ലാവരും ബഹുമാനിക്കുന്ന നേതാക്കളുടെ പേര് കൊലയാളി സംഘങ്ങള്ക്കിടുന്നത് ഒരു വിഭാഗത്തിന്റെ എതിര്‍പ്പിന് ഇടയാക്കിയിട്ടുമുണ്ട്.
മനോജ് വധത്തെ തുടര്‍ന്ന് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കൊലയാളി സംഘങ്ങളെക്കുറിച്ച് സൂചനയുള്ളത്. ഇ.കെ. നായനാരുടെ പേരിലുള്ള കൊലയാളി സംഘത്തിനായിരുന്നു മനോജ് വധത്തിന്റെ ചുമതല. പാര്‍ട്ടി ജില്ലാസെക്രട്ടറി നേരിട്ടാണ് ഇത്തരം കൊലയാളി സംഘങ്ങളെ ദൗത്യം ഏല്‍പ്പിക്കുന്നത്. നിഷ്ഠൂര കൃത്യങ്ങള്‍ ചെയ്യാന്‍ മടിയില്ലാത്ത പാര്‍ട്ടിപ്രവര്‍ത്തകരും അനുഭാവികളായ ഗുണ്ടകളുമാണ് ഓരോ സംഘത്തിലുമുണ്ടാവുക.
ടി.പി. ചന്ദ്രശേഖരന് വധത്തിലും ഇത്തരം കൊലയാളി സംഘമാണ് പ്രവര്‍ത്തിച്ചത്. അന്ന് കോഴിക്കോട് ജില്ലാസെക്രട്ടറിയേറ്റ് അംഗത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം കണ്ണൂര്‍ ജില്ലാ നേതൃത്വം അക്രമി സംഘത്തെ ചുമതലയേല്‍പ്പിക്കുകയായിരുന്നു. സമാനമായ സംഘമാണ് മനോജ് വധത്തിനു പിന്നിലും പ്രവര്‍ത്തിച്ചത്. സിപിഎമ്മിന് കേരളത്തിലുടനീളം ഇത്തരം സംഘങ്ങളുണ്ടെങ്കിലും മറ്റു ജില്ലകളില്‍ പലയിടത്തും ഇപ്പോള്‍ ഇവ നിര്‍ജ്ജീവമാണ്.
ഏരിയ കമ്മിറ്റികളാണ് ഇത്തരം സംഘങ്ങളെ നിലനിര്‍ത്തുന്നത്. ഏരിയകമ്മിറ്റിയിലെ മുഴുവന്‍ നേതാക്കള്‍ക്കും ഇവര്‍ ആരൊക്കെയെന്നോ എന്തുചെയ്യുന്നുവെന്നോ അറിയില്ല. ഒന്നോ രണ്ടോ അംഗങ്ങള്‍ക്ക് മാത്രമാകും ചുമതല. പാര്‍ട്ടിസ്ഥാപനങ്ങളില്‍ ചെറിയ ജോലികള്‍ നല്‍കിയാണ് ഇവരെ നിലനിര്‍ത്തുന്നത്. ജോലി ഒരു മറ മാത്രമാണ്. പ്രധാനജോലി പാര്‍ട്ടിക്കുവേണ്ടി കൊലപാതകങ്ങളും അക്രമങ്ങളും സംഘടിപ്പിക്കുക എന്നതുതന്നെ. ഇതിനായി ധാരാളം പണവും ഇവര്‍ക്ക് നല്‍കുന്നുണ്ട്.
മനോജ് വധത്തിനായി കൊലയാളി സംഘത്തെ തയ്യാറാക്കാന്‍ ഇരുപത് ലക്ഷം രൂപയോളം പാര്‍ട്ടി നല്‍കിയതായാണ് വിവരം. ടി.പി. വധത്തിനു വേണ്ടിയും അന്‍പത് ലക്ഷം രൂപയോളം പാര്‍ട്ടി കൊടിസുനിക്കും സംഘത്തിനുമായി നല്‍കിയിരുന്നു. കേസുകളില്‍ പിടിക്കപ്പെടില്ലെന്നും പിടിക്കപ്പെട്ടാല്‍ രക്ഷപ്പെടുത്തിക്കൊള്ളാമെന്നും നേതൃത്വം ഉറപ്പു നല്‍കും. ജില്ലാ സെക്രട്ടറിയുടെ നിര്‍ദ്ദേശമില്ലാതെ ഈ കൊലയാളി സംഘങ്ങള്‍ ഓപ്പറേഷന് നടത്തരുതെന്നാണ് ചട്ടം. എന്നാല്‍ ചിലസമയത്ത് ഈ ഗുണ്ടകള്‍ സ്വന്തം നിലക്ക് ചില ഓപ്പറേഷനുകള്‍ സംഘടിപ്പിക്കും. പലപ്പോഴും പണത്തിനു വേണ്ടിയായിരിക്കും ഇത്. ഇത്തരം നീക്കങ്ങള്‍ പാര്‍ട്ടിക്ക് തലവേദന സൃഷ്ടിക്കാറുമുണ്ട്. പാര്‍ട്ടിക്ക് തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയാകും.
ഇത്തരം പാര്‍ട്ടി ക്രിമിനല്‍ സംഘങ്ങള്‍ സംസ്ഥാനത്ത് സിപിഎമ്മിന് എന്നും ഉണ്ടായിരുന്നു. ഇപ്പോള്‍ പലതും നിര്‍ജ്ജീവമാണ്, ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. ഒരു കാലത്ത് പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ സിപിഎം ക്വട്ടേഷന്‍ സംഘങ്ങള്‍ വ്യാപകമായിരുന്നു. പിന്നീട് ഇവര്‍ പലരും പ്രൊഫഷണല്‍ ക്വട്ടേഷന്‍ സംഘങ്ങളായി മാറി. ഇതോടെ പാര്‍ട്ടിക്ക് ഇവരുടെ മേലുള്ള നിയന്ത്രണം കുറഞ്ഞു. തൃശ്ശൂര്‍ ചിയ്യാരം കേന്ദ്രീകരിച്ച് ഇത്തരത്തില്‍ വന്‍ ഗുണ്ടാ സംഘങ്ങളെ പാര്‍ട്ടി വളര്‍ത്തിയെടുത്തിരുന്നു. പിന്നീട് ഈ ഗുണ്ടാ സംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടി കൊന്നൊടുക്കുകയായിരുന്നു.അദ്ദേഹം ചൂണ്ടിക്കാട്ടി.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: