ന്യൂദല്‍ഹി: പത്ത് സംസ്ഥാനങ്ങളിലെ 33 നിയമസഭാ മണ്ഡലങ്ങളിലേക്കും മൂന്ന് ലോക്സഭാ സീറ്റിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ഇന്നലെ നടന്നു. വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപി, സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചു.മിക്കയിടങ്ങളിലും അന്‍പതു ശതമാനത്തില്‍ കൂടുതല്‍ പോളിംഗ് നടന്നതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, സിക്കിം, രാജസ്ഥാന്, ഛത്തീസ്ഗഢ്, അസം, ഗുജറാത്ത്, ബംഗാള്‍, ത്രിപുര, തെലങ്കാന സംസ്ഥാനങ്ങളില്‍ ഒഴിവുവന്ന സീറ്റുകളിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്. നടക്കാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പുകളുടെ ഡ്രസ് റിഹേഴ്സലെന്ന വിശേഷണവും ഈ ഉപതിരഞ്ഞെടുപ്പുകള്ക്കുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെച്ച ഗുജറാത്തിലെ വഡോദര, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് രാജിവെച്ച ഉത്തര്‍പ്രദേശിലെ മെയിന്‍പുരി, തെലങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖരറാവു രാജിവെച്ച മേഡക് എന്നീ ലോക്സഭാമണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.
മെയിന്‍പുരിയില്‍ ബിജെപിയും സമാജ്വാദി പാര്‍ട്ടിയും നേരിട്ടാണ് മല്‍സരം. കോണ്‍ഗ്രസും ബിഎസ്പിയും സമാജവാദി പാര്‍ട്ടിയെ പിന്തുണയ്ക്കുന്നു. മെയിന്‍പുരിയില്‍ മുലായം സിങ്ങിന്റെ അനന്തരവന് തേജ് പ്രതാപ് സിങ് യാദവിനെ നേരിടുന്നത് ബിജെപിയുടെ ശിവ് സിങ് ഷെയ്ക്കിയാണ്. സപ്തംബര്‍ 16നാണ് വോട്ടെണ്ണല്‍.
ഉത്തര്‍പ്രദേശ്11, ഗുജറാത്ത് ഒമ്പത്, രാജസ്ഥാന് നാല്, ബംഗാള്‍ രണ്ട്, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ഒന്നുവീതം മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ അഞ്ചു മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: