ഗോരഖ്പൂര്‍: രാമജന്മഭൂമി പ്രക്ഷോഭത്തിലെ പ്രമുഖ നേതാവും സംഘാടകനും വാഗ്മിയും മുന്‍ എംപിയുമായ മഹന്ത് അവൈദ്യനാഥിന് പതിനായിരങ്ങളുടെ അന്ത്യാഞ്ജലി. വെള്ളിയാഴ്ച രാത്രിയിലാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. 95 വയസായിരുന്നു. ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
അദ്ദേഹത്തിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. അദ്ദേഹത്തിന്റെ രാജ്യസ്നേഹവും സമൂഹത്തെ സേവിക്കാന്‍ അദ്ദേഹം നടത്തിയിരുന്ന ശ്രമങ്ങളും രാജ്യം എന്നും സ്മരിക്കും. മോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
1921 മെയ്28ന് യുപിയിലെ ഗഡ്വാളില് ജനിച്ച അദ്ദേഹം പഠനത്തിനു ശേഷം ആധ്യാത്മികതയിലേക്ക് തിരിഞ്ഞു. ഗോരഖ്നാഥ് ക്ഷേത്രത്തിലെ മഹന്ത്(മുഖ്യ പൂജാരി) ആയിരുന്നു.പ്രഭാഷകനായും ഹൈന്ദവ മൂല്യങ്ങൡ അടിയുറച്ചു നിന്ന നേതാവായും ശോഭിച്ചു. നല്ലൊരു പ്രാസംഗികനായിരുന്ന അദ്ദേഹം രാമജന്മ ഭൂമി പ്രക്ഷോഭത്തിന്റെ മുന്‍നിരയിലേക്ക് എത്തിയത് വളരെപ്പെട്ടെന്നാണ്. ആചാര്യ ഗിരിരാജ് കിഷോര്‍, അശോക് സിംഘാള്‍ എന്നിവര്‍ക്കൊപ്പം പ്രക്ഷോഭത്തെ നയിച്ചു. മുന്‍നിര പോരാളിയായി മാറിയ അദ്ദേഹം പ്രക്ഷോഭവുമായി ബന്ധപ്പെട്ട പല കൂടിയാലോചനാ സമിതികളിലും അംഗമായിരുന്നു. പിന്നീട് ബിജെപിയില്‍ എത്തിയ അദ്ദേഹം നാലുതവണ ഗോരഖ്പൂരില്‍ നിന്നുള്ള എംപിയായിരുന്നു.
62,67,69,74,77 വര്‍ഷങ്ങളില്‍ മണിറാമില് നിന്നുള്ള എംഎല്‍എയായിരുന്നു. 70ല്‍ സ്വതന്ത്രനായാണ് ലോക്സഭയില്‍ എത്തിയത്, 89ല്‍ ഹിന്ദു മഹാസഭാ സ്ഥാനാര്‍ഥിയായും.91ലും 96ലും ബിജെപി അംഗമായാണ് എംപിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: