മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ മഹാരാഷ്ട്രയിലെ ഭരണമുന്നണിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി. കോണ്‍ഗ്രസിനൊപ്പം സ്ഥാനമാനങ്ങള്‍ ആവശ്യപ്പെടുന്ന എന്‍സിപി നേതാക്കള്‍ ആവശ്യങ്ങള്‍ ഓരോന്നായി പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. 288 നിയമസഭാ സീറ്റുകളില്‍ പകുതിയിലെങ്കിലും മത്സരിക്കണമെന്നവകാശപ്പെട്ട തര്‍ക്കം നിലനില്‍ക്കെ എന്‍സിപിക്കു മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യവും ഇന്നലെ ഉയര്‍ത്തി.
എന്‍സിപി നേതാവ് ശരദ് പവാറിന്റെ മകള്‍ സുപ്രിയാ സുലേ, താന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്നു പ്രസ്താവിച്ചെങ്കിലും അതു സത്യസന്ധമായ നിലപാടല്ലെന്നുതന്നെയാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, മുഖ്യമന്ത്രിപദം എന്‍സിപിക്കു വേണമെന്ന നിലപാടിന്റെ പ്രഖ്യാപനമായി അത്. താന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്നു പറഞ്ഞ സുപ്രിയ നിലവിലെ ഉപമുഖ്യമന്ത്രി അജിത് പവാര്‍ മുഖ്യമന്ത്രിസ്ഥാനത്തിനു യോഗ്യയാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
”ഞാന്‍ മുഖ്യമന്ത്രിസ്ഥാനാര്ത്ഥിയല്ല. ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലുമില്ല,” സുലെ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പു ഫലം പാര്‍ട്ടിക്ക് എതിരായിരുന്നു.അതൊരു താക്കീതുമായിരുന്നു. പക്ഷേ, ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്കു വിജയം ഉറപ്പാണ്, സുലെ അവകാശപ്പെട്ടു.
കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ചുള്ള അഭിപ്രായങ്ങളും സുലെ തുറന്നടിച്ചു. രാഹുല്‍ ഗാന്ധി നേരേവാ നേരേ പോ എന്ന നയക്കാരനാണെന്ന് പറഞ്ഞ സുലെ, രാഹുലിന്റെ വിശ്വാസ്യതക്കാര്യത്തില് മറുപടി പറയേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നു വിശദീകരിച്ചു. ” കോണ്‍ഗ്രസ് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത് അവരുടെ നേതാവ് ആരായിരിക്കണമെന്നത്. ഞങ്ങള്‍ക്കു കോണ്‍ഗ്രസിനോടു പറയാനുള്ളത് ഇതാണ്, ഞങ്ങള്‍ക്ക് തുല്യ സീറ്റു നല്‍കണം. നോക്കാം എന്താണു സംഭവിക്കാന്‍ പോകുന്നതെന്ന്,” സുലെ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നല്ല നേതാവാണെന്നും അദ്ദേഹത്തിനു മികച്ച ജനവിധിയാണു ലഭിച്ചതെന്നും പറഞ്ഞു. ”എന്നാല്‍ അദ്ദേഹത്തിന് സ്വന്തം പദ്ധതികള്‍ ആവിഷ്കരിക്കാന്‍ കുറച്ചു സമയം അനുവദിക്കണ”മെന്നും സുലെ അഭിപ്രായപ്പെട്ടു.
എന്‍സിപി നേതാക്കള്‍ക്കെതിരേയുള്ള അഴിമതിയാരോപണങ്ങളെക്കുറിച്ച് അവര്‍ ഇങ്ങനെ പ്രതികരിച്ചു, ” അവയെല്ലാം ആരോപണങ്ങള്‍ മാത്രമാണ്. ഒന്നുംയഥാര്ത്ഥത്തില് സംഭവിച്ചവയല്ല.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: