ശ്രീനഗര്‍: പ്രളയം നാശം വിതച്ച ജമ്മുകാശ്മീരില്‍ വീണ്ടും കനത്ത മഴ. മഴ കനത്തതോടെ വ്യോമസേനയുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിറുത്തിവച്ചു.
ശ്രീനഗറിലും സമീപ പ്രദേശങ്ങളിലുമാണ് ശക്തമായ മഴയും ഇടിമിന്നലും അനുഭവപ്പെടുന്നത്. രാവിലെ 8.30നാണ് മഴ ആരംഭിച്ചത്. തുടര്‍ന്ന് ഇടിയും മിന്നലും ഉണ്ടായി മഴ കനക്കുകയായിരുന്നു. 12 മണിയായപ്പോഴേക്കും മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു.
ഇനിയും ഒന്നര ലക്ഷത്തോളം പേര് അഭയ സ്ഥാനങ്ങളിലെത്താനാവാതെ ജമ്മുവില്‍ വിവിധ ഇടങ്ങളിലായി കുടുങ്ങി കിടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം സൈന്യം ഊര്‍ജ്ജിതമാക്കിയ ഘട്ടത്തിലാണ് വീണ്ടും മഴയെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ മഴ മാറി നിന്നത് രക്ഷാപ്രവര്‍ത്തനങ്ങളെ ഏറെ സഹായിച്ചിരുന്നു. ജലനിരപ്പ് വീണ്ടും ഉയരുമോയെന്ന ആശങ്കയിലാണ് അധികൃതര്‍.
അതിനിടെ ജമ്മുവില്‍ കുടുങ്ങിയ 69 മലയാളികളെ കൂടി രക്ഷപ്പെടുത്തി ദല്‍ഹിയിലെത്തി. ശ്രീനഗറിലെ റോയല്‍ ഭട്ടു ഹോട്ടലില്‍ കുടുങ്ങിയവരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: