കോട്ടയം: ശ്രീകൃഷ്ണഭഗവാന്റെ അവതാര ലീലകളുടെ പുനരാവിഷ്കാരവുമായി ആയിരക്കണക്കിന് ബാലികാ ബാലന്മാര് നഗരഗ്രാമവീഥികള്‍ കീഴടക്കും. സാമൂഹ്യമാറ്റത്തിന് പൈതൃകത്തിന്റെ വീണ്ടെടുപ്പ് എന്ന സന്ദേശവുമായി ഏഷ്യയിലെ ഏറ്റവും വലിയ, കുട്ടികളുടെ, സാംസ്കാരിക സംഘടനയായ ബാലഗോകുലമാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ബാലഗോകുലം ശ്രീകൃഷ്ണജയന്തി ബാലദിനമായി ആഘോഷിക്കുകയാണ്. വളരുന്ന തലമുറയില്‍ മൂല്യബോധവും ധാര്‍മ്മികതയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബാലഗോകുലം ശ്രീകൃഷ്ണജയന്തി ബാലദിനമായി ആഘോഷിക്കുന്നത്. ധര്‍മ്മ പുനഃസ്ഥാപനത്തിനായി അവതാരമെടുത്ത ഭഗവാന്റെ കുട്ടിക്കാലം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള ഓരോ നിമിഷവും വളരുന്ന തലമുറ പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യണമെന്ന ലക്ഷ്യത്തോടെയുള്ള അനൗപചാരിക വിദ്യാഭ്യാസ പദ്ധതിയാണ് ബാലഗോകുലത്തിന്റെ പ്രവര്‍ത്തനപദ്ധതി. ബാലഗോകുലം ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി കുട്ടികളില്‍ ഭക്തിഭാവത്തോടൊപ്പം പരിസ്ഥിതി സ്നേഹവും വളര്‍ത്തുക എന്ന ഉദ്ദേശത്തോടെ വൃക്ഷപൂജ, നദീവന്ദനം, ഗോപൂജ തുടങ്ങിയ പരിപാടികളും കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു.
ജില്ലയില്‍ ആയിരത്തോളം ശോഭായാത്രകള്‍ ആണ് ഇക്കുറി നടക്കുന്നത്. പരിപാടികള്‍ക്ക് ബാലഗോകുലം പ്രവര്‍ത്തകര്‍ക്കുപുറമെ വിവിധ ഹൈന്ദവ സംഘടനാ നേതാക്കളും പ്രവര്‍ത്തകരും അണിചേരും.
ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം വിവിധ സ്ഥലങ്ങളില്‍ വൃക്ഷപൂജ, ഗോപൂജ, നദീപൂജ എന്നിവ നടത്തി. എരുമേലിയില്‍ നടന്ന ചടങ്ങുകള്‍ക്ക് ടി.കെ. കൃഷ്ണ്‍കുട്ടി, വി.ആര്. രതീഷ്, വിഷ്ണു ഗോപാല്‍, പി.പി. വേണുഗോപാല്‍, ക്ഷേത്രം മേല്‍ശാന്തി ജഗദീഷ്, കീഴ്ശാന്തി ഗോപന് ശര്‍മ്മ, ദേവസ്വം എഒ എസ്. മധു, എസ്. രാജന് എന്നിവര്‍ നേതൃത്വം നല്കി. കാളകെട്ടിയില്‍ നടന്ന ചടങ്ങുകള്‍ മുക്കുഴി ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചര്‍ പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം എം.എസ്. സതീഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി വൈക്കത്ത് വിപുലമായ പരിപാടികള്‍. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ നടക്കുന്ന മഹാശോഭായാത്ര ഇന്ന് വൈകുന്നേരം അഞ്ചിന് വലിയകവലയില്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. നഗരപരിധിയിലെ വിവിധ ബാലഗോകുലങ്ങളില്‍ നിന്നും തുടങ്ങുന്ന ശോഭായാത്രകള്‍ വൈകുന്നേരം അഞ്ചിന് വലിയകവലയില്‍ സംഗമിക്കും. തുടര്‍ന്ന് നഗരവീഥികള്‍ പ്രദക്ഷിണം വെച്ച് മഹാദേവ സന്നിധിയില്‍ പര്യവസാനിക്കും. വൈക്കം ടൗണിന് പുറമെ വെച്ചൂര്‍, ടി.വി പുരം, തലയാഴം, മറവന്തുരുത്ത്, ഉദയനാപുരം, ചെമ്പ്, വെള്ളൂര്‍, മുളക്കുളം, തലയോലപ്പറമ്പ്, കല്ലറ എന്നിവിടങ്ങളില്‍ 90ഓളം ശോഭായാത്രകള്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കും.
പാലായിലും ക്ഷേത്രങ്ങളില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഭാഗവത പാരായണം, ഗോപികാ ഭജന്‍സ്, ജന്മാഷ്ടമി പൂജ, അവതാര പൂജ, പ്രസാദ വിതരണം തുടങ്ങി വിവിധ ചടങ്ങുകളോടെയാണ് ക്ഷേത്രങ്ങളില്‍ ആഘോഷം നടക്കുന്നത്. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മീനച്ചില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി നൂറോളം ചെറു ശോഭായാത്രകളും പാലാ, കിടങ്ങൂര്‍, ചെമ്പിളാവ്, ഭരണങ്ങാനം, പൂവരണി, മേവട, കൊല്ലപ്പള്ളി, പന്തത്തല, പുലിയന്നൂര്‍, രാമപുരം, കുറിച്ചിത്താനം, വള്ളിച്ചിറ എന്നിവിടങ്ങളില്‍ നിന്നുള്ള ശാഭായാത്രകള് സംഗമിച്ച് മഹാശോഭായാത്രകള്‍ നടക്കും. ഉറിയടി, പ്രസാദവിതരണം, ഗോപൂജ, ശ്രീകൃഷ്ണ ഭജനഗീതങ്ങള് എന്നിവയും നടക്കും.
ഭരണങ്ങാനം: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഇന്ന് രാവിലെ 5.00 മുതല്‍ വിശേഷാല്‍ പൂജകള്‍, വിഷ്ണു സഹസ്രനാമ ജപം, ഭാഗവത പാരായണം, വൈകിട്ട് 6ന് ഭരണങ്ങാനം, ഇടപ്പാടി, കീഴമ്പാറ, കിഴപറയാര്, ഇടമറ്റം എന്നിവിടങ്ങില്‍ നിന്നുള്ള ശോഭായാത്രകളുടെ സംഗമവും ദീപാരാധനയും രാത്രി 12ന് അഷ്ടമി രോഹിണി പൂജ, രോഹിണി വാരപൂജ എന്നിവയും നടക്കും.
പിഴക്: തൃക്കയില്‍ ശ്രീകൃ ഷ്ണ സ്വാമി ക്ഷേത്രത്തില്‍ രാവിലെ 5.30 മുതല്‍ ഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍, അഭിഷേകം, വൈകിട്ട് 4ന് എളമ്പ്രാക്കോട് ക്ഷേത്രത്തില്‍ നിന്നും തൃക്കയില്‍ ക്ഷേത്രത്തിലേക്ക് ശാഭോയാത്ര, 6.30ന് ദീപാരാധന, ഭജന. രാത്രി 12ന് അവതാര പൂജ.
കുറിഞ്ഞി: ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ രാവിലെ 6 മുതല്‍ വിശേഷാല്‍ പൂജകള്‍, പ്രത്യക്ഷ ഗണപതി പൂജ, പ്രസാദമൂട്ട്, വൈകിട്ട് മൂന്നിന് ശോഭായാത്ര, രോഹിണി വാരപൂജ, ഭജന, രാത്രി 12ന് അവതാര പൂജ.
കിടങ്ങൂര്‍: ശാസ്താംകോട്ട ചാലക്കുന്നത്ത് ക്ഷേത്രത്തില്‍ രാവിലെ 6 മുതല്‍ പൂജകള്‍. 9.30ന് ശ്രീബലി എഴുന്നള്ളത്ത്. അഭിഷേകം, കാഴ്ച ശ്രീബലി, രാത്രി 8ന് വിളക്കിന് എഴുന്നള്ളിപ്പ്, 12ന് അഷ്ടാഭിഷേകം എന്നിവ നടക്കും.
പാലാ: വൈകിട്ട് 3ന് പാറപ്പള്ളി, മുരിക്കുംപുഴ, ഇടയാറ്റ്, കടപ്പാട്ടൂര്‍, വെള്ളാപ്പാട് എന്നിവിടങ്ങില്‍ നിന്നുള്ള ശോഭായാത്രകള്‍ ഗവ. ആശുപത്രി കവലയില്‍ സംഗമിച്ച് മഹാറാണി കവലയില്‍ എത്തി ചെത്തിമറ്റം, മുണ്ടുപാലം എന്നിവിടങ്ങളിലെ ശോഭായാത്രകളുമായി സംഗമിച്ച് മഹാശോഭായാത്രയായി മുരിക്കുംപുഴ ദേവീ ക്ഷേത്രത്തില്‍ സമാപിക്കും.
ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി പാമ്പാടി വെള്ളൂര്‍ തിരുമേനിപ്പടിയില് വൃക്ഷപൂജ നടന്നു. ഇതോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം നേച്ചര്‍ സൊസൈറ്റി സെക്രട്ടറി ഡോ. എന്‍. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. പ്രൊഫ. പി. ഗോപീകൃഷ്ണന്, ഡോ. പുന്നന്‍കുര്യന്‍, ഡോ. ഇ.പി. കൃഷ്ണന് നമ്പൂതിരി, ഡോ. ഇറഞ്ഞാല്‍ രാമകൃഷ്ണന്, കെ.എന്‍. സജികുമാര്‍,അനീഷ് ഗ്രാമറ്റം എന്നിവര്‍ പ്രസംഗിച്ചു.
തിരുവഞ്ചൂര്‍: വിവേകാനന്ദ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവഞ്ചൂര്‍ വടക്കേടത്ത് ശ്രീ അന്നപൂര്‍ണ്ണേശ്വരീ ദേവീ ക്ഷേത്രം, നരിമറ്റം ശ്രീഭദ്രകാളി ക്ഷേത്രം, ഇളംകുളത്ത്് ശ്രീധര്‍മ്മശാസ്താ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും വൈകുന്നേരം 4.30ന് ആരംഭിക്കുന്ന ശോഭായാത്രകള്‍ 6 മണിക്ക് തിരുവഞ്ചൂര്‍ കിഴക്കേനടയില്‍ സംഗമിച്ച്, ഉറിയടിക്ക് ശേഷം മഹാശോഭായാത്രയായി ചെറുതൃക്ക ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിക്കും.
അരീപ്പറമ്പ്: മഹാദേവ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കളപ്പുരയ്ക്കല്‍ പടിയില്‍ നിന്നും വൈകുന്നേരം 5ന് ആരംഭിക്കുന്ന ശോഭായാത്ര അരീപ്പറമ്പ് മഹാദേവക്ഷേത്രത്തില്‍ സമാപിക്കും.
പാറമ്പുഴ: ശ്രീ പാര്‍ത്ഥസാരഥി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വെള്ളൂപ്പറമ്പില്‍ നിന്നും, പൊയ്കമഠം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ പാറമ്പുഴ ധന്വന്തരീ മൂര്‍ത്തീ ക്ഷേത്രസന്നിധിയില്‍ സംഗമിച്ച് പെരിങ്ങള്ളൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: