ഏറ്റുമാനൂര്‍: സുധീരന് അനുവദിച്ചു തന്ന എന്ന പേരില്‍ ഏറ്റുമാനൂരില്‍ ആരംഭിച്ച നാടന്‍തട്ടുകട ഒരുസംഘമാളുകള്‍ അടിച്ചുതകര്‍ത്തു. ബാറുകള്‍ നിര്‍ത്തലാക്കിയതിന്റെ ഭാഗമായി കഴിഞ്ഞദിവസം ബാര്‍ മുതലാളി ആരംഭിച്ച തട്ടുകട വാര്‍ത്താമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിരിക്കെയാണ് ഇന്നലെ വൈകിട്ട് ആറരയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചതകര്ത്തത്. കോണ്‍ഗ്രസിന്റെ ബ്ലോക്ക് നേതാക്കള്‍ അടക്കമുള്ളവരും പഞ്ചായത്ത് ഭരണാധികാരികളും അക്രമത്തിന് നേതൃത്വം നല്കാന് ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു കുമ്പിളിക്കന്റെയും കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ. ശശിയുടെയും നേതൃത്വത്തില്‍ പ്രകടനമായെത്തിയ അമ്പതോളം പേരടങ്ങുന്ന സംഘമാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. ഇതുസംബന്ധിച്ച് കടയുടമ ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവം റിപ്പോര്‍ട്ടുചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും കയ്യേറ്റത്തിന് ശ്രമമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: