മൂന്ന് പതിറ്റാണ്ടായി ജീപ്പോടിച്ച് ഉപജീവനം കഴിഞ്ഞിരുന്നയാളാണ് അടിമാലി ചാറ്റുപാറ വടക്കേക്കര ശിവന് എന്ന കുട്ടന്. കേരളത്തിനകത്തും പുറത്തും ഏറെ യാത്ര ചെയ്തിട്ടുണ്ട്. പതിനഞ്ച് വര്‍ഷം മുന്‍പ് നടന്ന ഒരു അപകടമാണ് കുട്ടന്റെ ഓര്‍മയിലേക്ക് ഓടിവരുന്നത്. അടിമാലിയില്‍ നിന്നും വേളാങ്കണ്ണിക്ക് ഓട്ടംപോയി. രാത്രി പാലക്കാട്ട് എത്തി. അവിടുന്ന് ആഹാരം കഴിഞ്ഞ് കോയമ്പത്തൂര്‍ റോഡിലേക്ക് കടന്നു.വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് ഒരു ടാങ്കര്‍ലോറി കടന്നുപോയി. അമിത വേഗത്തിലായിരുന്നു ലോറി. രാത്രിയായതിനാല്‍ ഏറെ ശ്രദ്ധയോടെയാണ് ജീപ്പ് ഓടിച്ചിരുന്നത്. വാഹനം കോയമ്പത്തൂരിന് സമീപമെത്തിയപ്പോള്‍ വഴിയില്‍ കുരുക്ക് അനുഭവപ്പെട്ടു. ഏതോ വാഹനം അപകടത്തില്‍പ്പെട്ടിരിക്കുന്നു. ജീപ്പ് സൈഡിലൊതുക്കി പുറത്തേയ്ക്കിറങ്ങി. ജീപ്പിനെ മറികടന്ന് പാഞ്ഞ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നതെന്ന് വ്യക്തമായി. വാഹനത്തിന്റെ അടുത്തേയ്ക്ക് ചെന്നപ്പോള്‍ ഡ്രൈവറുടെ നെഞ്ചിന്റെ ഒരു വശത്തേയ്ക്കാണ് വാഹനം മറിഞ്ഞിരിക്കുന്നത്.വെള്ളം വെള്ളം എന്ന് ആയാള്‍ നിലവിളിച്ചെങ്കിലും ഓടിക്കൂടിയവരാരും വെള്ളം കൊടുക്കാന്‍ തയ്യാറായില്ല. ജീപ്പില്‍ നിന്നും വെള്ളമെടുത്ത് ഞാന്‍ ഡ്രൈവര്ക്കടുത്തെത്തി. അപ്പോഴാകട്ടെ ഒത്തുകൂടി നിന്നവര്‍ എന്നെ തടഞ്ഞു. വെള്ളം കുടിയ്ക്കാന്‍ കൊടുത്താല്‍ അയാള്‍ മരിക്കുമെന്നായിരുന്നു അവരുടെ പക്ഷം. എന്താണെങ്കിലും വരുന്നിടത്ത് വച്ച് കാണാമെന്ന് പറഞ്ഞ് കുപ്പിയില്‍ കരുതിയിരുന്ന വെള്ളം അപകടത്തില്പെട്ടയാളുടെ വായിലേക്ക് ഒഴിച്ചുകൊടുത്തു അയാള്‍ വെള്ളം ആര്‍ത്തിയോടെ കുടിച്ചു. അപ്പോഴേയ്ക്കും പോലീസ് സ്ഥലത്തെത്തി കൂടി നിന്നവരെ ലാത്തിവീശിയോടിച്ച് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. ജീപ്പില്‍ യാത്രക്കാരിരിക്കുന്നതിനാല് യാത്ര തുടര്‍ന്നു. യാത്രക്കിടെ വെള്ളത്തിന് വേണ്ടി വാവിട്ട് നിലവിളിക്കുന്ന അയാളുടെ മുഖമായിരുന്നു മനസില്‍. ഞങ്ങള്‍ വേളാങ്കണ്ണിയില്‍ സന്ദര്‍ശനം നടത്തി മടങ്ങുമ്പോള്‍ തമിഴ്പത്രം വാങ്ങി. തമിഴ് അറിയാവുന്ന ഇടുക്കിക്കാര് വാഹനത്തിലുണ്ടായിരുന്നു. കോയമ്പത്തൂരിലെ ടാങ്കര്‍ അപകടത്തില്‍ ഡ്രൈവറും ക്ലീനറും മരിച്ചെന്നായിരുന്നു വാര്‍ത്ത. ഒന്നരപതിറ്റാണ്ട് കഴിഞ്ഞിട്ടും ആ ഡ്രൈവറുടെ മുഖം മനസില്‍ നിന്നും വിട്ടുമാറിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: