തൊടുപുഴ : ഇടവെട്ടി
പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ നടയം ഇനി മാലിന്യമുക്ത ഗ്രാമം. ജില്ലയില്‍ ആദ്യമായാണ് ഒരു വാര്‍ഡ് മാതൃകാപരമായ കര്‍മ്മപദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത്. അടുത്ത കാലങ്ങളിലായി ഇടവെട്ടി പഞ്ചായത്തിന്റെ പ്രദേശങ്ങളായ എം.വി.ഐ.പി. കനാല്‍, നടയം വനംവകുപ്പ് ഡിപ്പോ എന്നിവിടങ്ങളില്‍ മാലിന്യം കുന്നുകൂട്ടുന്നത് പതിവായിരുന്നു. വനത്തിലെ മാലിന്യനിക്ഷേപത്തെക്കുറിച്ചുള്ള വാര്‍ത്ത ജന്മഭൂമിയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാലിന്യനിക്ഷേപം മണ്ണിട്ട് മൂടി പ്രശ്നം താല്‍ക്കാലികമായി പരിഹരിച്ചു. ജില്ലാ ശുചിത്വമിഷന്റെ സഹകരണത്തോടെയാണ് ‘മാലിന്യമുക്ത നടയം’ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് വാര്‍ഡ് മെമ്പര്‍ ജയകൃഷ്ണന് പുതിയേടത്ത് പറഞ്ഞു. ഗ്രാമ പഞ്ചായത്ത്, ആരോഗ്യവകുപ്പ്, പോലീസ്, വനംവകുപ്പ്, അയല്കൂട്ടങ്ങള്, ആശാ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒന്നാം ഘട്ടമെന്ന നിലയില്‍ വാര്‍ഡില്‍ ആലോചനായോഗം വിളിച്ചുചേര്‍ത്തു. വാര്‍ഡിലെ 380 വീടുകളിലും ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി. പിന്നീട് വാര്‍ഡിനെ 16 യൂണിറ്റുകളായി തിരിച്ച് യൂണിറ്റ് ലീഡറെ നിശ്ചയിച്ചു. ഈ ലീഡര്‍മാര്‍ക്ക് ശുചിത്വമിഷന്റെ മേല്‍നോട്ടത്തില്‍ ഗൃഹമാലിന്യം സംസ്കരിക്കുവാനും പ്ലാസ്റ്റിക് മാലിന്യം വേര്ത്തിരിക്കുവാനും പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ മണ്ണിര കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ്, പൂച്ചട്ടി കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ് എന്നിവ വീടുകളില്‍ സജ്ജമാക്കുന്നതിനും നടപടി സ്വീകരിക്കും. വാര്‍ഡില്‍ രാത്രികാലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്റെ വീട് ശുചിത്വവീട് എന്റെ ഗ്രാമം ശുചിത്വഗ്രാമം എന്ന സന്ദേശമുയര്‍ത്തി നടയത്ത് നടന്ന ക്യാമ്പയിന് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജസീല ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ ലത്തീഫ് മുഹമ്മദ്, വൈസ് പ്രസിഡന്റ് ഷാജി ഇല്ലിക്കല്‍, വാര്‍ഡ് മെമ്പര്‍മാരായ ജയകൃഷ്ണന് പുതിയേടത്ത്, ഗീത ചന്ദ്രന്, പത്മാവതി രഘുനാഥ്, ടോം ജെ. കല്ലറയ്ക്കല്‍, ജെയിംസ് വടക്കേക്കര, സുരേഷ് കണ്ണന്, ഉഷ സോമന്, ഓമന മേനോന്, ജാനമ്മ നാരായണന്, സല്‍മ സെയ്തുമുഹമ്മദ്, സുമതി പ്രഭാകരന്, തിലകം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: