റാഞ്ചി: കേരളത്തില്‍ ഇപ്പോള്‍ മദ്യനിരോധനത്തിന്റെ ശരിതെറ്റുകളെ സംബന്ധിച്ച വാര്‍ത്തകളുടെ കാലമാണ്. അതിനു സമാന്തരമായിതാ ഝാര്‍ഖണ്ഡില്‍ നിന്നൊരു ‘സ്മോള്‍’ വൃത്താന്തം. അവിടത്തെ ഒരു സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം വിളമ്പിയിരിക്കുന്നു. ചായ കൊടുത്ത ലാഘവത്തോടെയാണ് സംഭവത്തെപ്പറ്റി സ്കൂള്‍ അധികൃതരുടെ പ്രതികരണം.
ഗര്‍ഖ്വാ ജില്ലയിലെ കുദ്രുമിലെ ജന്ജതിയെ അവാസിയ സ്കൂളിലാണ് ചിലര്‍ കുട്ടികള്‍ക്ക് മദ്യം നല്‍കിയത്. പീപ്പിള്‍സ് യൂണിയന് ഫോര്‍ സിവില്‍ ലിബര്‍ട്ടി എന്ന മനുഷ്യാവകാശ സംഘടന സംഭവം പുറംലോകത്തെ അറിയിച്ചു. സ്കൂളില്‍ അശ്ലീല സിനിമകള്‍ പ്രദര്ശിച്ചിരുന്നതായും തെളിഞ്ഞു. സ്കൂളിലെ മദ്യവിതരണത്തെക്കുറിച്ചു ചോദിച്ചപ്പോള്‍, ഈ ഗ്രാമത്തില്‍ എല്ലാവരും കുടിക്കും; അത് അധ്യാപകനായാലും വിദ്യാര്‍ത്ഥിയായാലും ശരി എന്നായിരുന്നു, പ്രിന്‍സിപ്പല്‍ ഗണേഷ് സിംഗ് മുണ്ടെയുടെ മറുപടി.
സ്കൂള്‍ സൂപ്രണ്ടിന്റെ ചുമതല വഹിക്കാന്‍ സ്ഥിരമായി ആരുമില്ലായിരുന്നു. കീഴ്ജീവനക്കാരനായ ഗനോരി മഹ്തോയാണ് പലപ്പോഴും ആ ദൗത്യം നിര്‍വഹിച്ചിരുന്നത്. ഇയാളാണ് ഭാവിയുടെ പ്രതീക്ഷകളായ കുട്ടികള്‍ക്ക് ലഹരി വിളമ്പിക്കൊടുക്കുന്നതെന്നു പറയപ്പെടുന്നു. മഹ്തോയെ ന്യായീകരിക്കാനും പ്രിന്‍സിപ്പല്‍ രംഗത്തെത്തി. അദ്ദേഹത്തെ അനാവശ്യമായി പ്രശ്നത്തിലേക്കു വലിച്ചിഴയ്ക്കുകയാണ്. ഇവിടത്തെ കുട്ടികള്‍ക്ക് ജനിക്കുമ്പോള്‍ തന്നെ മദ്യം നല്‍കാറുണ്ട്, മുണ്ടെ പറഞ്ഞു.
ഏതായാലും പ്രശ്നത്തില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാനാണ് മനുഷ്യാവകാശ സംഘടനയുടെ തീരുമാനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന ഗ്രാമവികസന മന്ത്രി കെ.എന്‍. ത്രിപാഠി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: