ഡക്കാര്‍: അമേരിക്കയുടെ അകമഴിഞ്ഞ സഹകരണമില്ലെങ്കില്‍ മഹാമാരിയായ എബോളക്കെതിരെ പോരാടാന്‍ രാജ്യത്തിനാകില്ലെന്ന് ലൈബീരിയയുടെ പ്രസിഡന്റ് എലന്‍ ജോണ്സണ് സിര്‍ലീഫ് പറഞ്ഞു. ആവുന്ന എല്ലാ സഹായക സഹകരണങ്ങളും നല്‍കണമെന്ന് അവര്‍ ബറാക് ഒബാമയോട് ആവശ്യപ്പെട്ടു.
ഈ വര്‍ഷം മാര്‍ച്ചില്‍ കണ്ടെത്തിയ ഈ രോഗത്തിന്റെ വൈറസ് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനകം രോഗം ബാധിച്ചു മരിച്ചവരില്‍ അധികവും ലൈബീരിയയില്‍ നിന്നുള്ളവരാണ്.ഗിനിയ, സിയേറ ലിയോണെ തുടങ്ങിയ സ്ഥലങ്ങളിലും മരണ സംഖ്യ അധികമാണ്. ഈ വെസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ ചികിത്സാ സൗകര്യങ്ങളുടെയും ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെയും അഭാവമാണ് മരണസംഖ്യ ഉയരാന്‍ കാരണം.
ലോകാരോഗ്യ സംഘടനയുടെ നിഗമന പ്രകാരം ഈ പകര്‍ച്ചവ്യാധി കൂടുതല്‍ കെടുതികള്‍ വിതയ്ക്കാന്‍ പോവുകയാണ്. ഒരു രാജ്യവും ഇതില്‍നിന്നു മുക്തമാകുമെന്നു കരുതി ജാഗ്രതക്കുറവ് കാണിക്കരുതെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പു നല്കുന്നു. വരുന്നനാളുകളില് കൂടുതല്‍ കരുതല്‍ വേണമെന്നാണ് അറിയിപ്പ്.
രാജ്യതലസ്ഥാനമായ മൊണ്റോവിയയില് അടിയന്തരമായി ഒരു എബോളാ ട്രീറ്റ്മെന്റ് യൂണിറ്റെങ്കിലും ആരംഭിക്കണമെന്ന് ലൈബീരിയല്‍ പ്രസിഡന്റ് സിര്‍ലീഫ് ഒബാമക്ക് സപ്തംബര്‍ ഒമ്പതിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
അമേരിക്കന്‍ ആരോഗ്യ പ്രവര്‍ത്തകരും സൈനികരും ഇത്തരം പകര്‍ച്ച വ്യാധികള്‍ക്കെതിരെ പോരാടാന്‍ പരിശീലിച്ചവരാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ”നിങ്ങളുടെ അകമഴിഞ്ഞ സഹായമില്ലെങ്കില് ഞങ്ങള്‍ നടത്തുന്ന എബോളക്കെതിരെയുള്ള യുദ്ധം പരാജയപ്പെടും,” സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയിട്ടുള്ള സിര്‍ലീഫ് കത്തില്‍ പറയുന്നു.
അമേരിക്ക 10 കോടി ഡോളറിന്റെ സാമ്പത്തിക സഹായവും ആരോഗ്യപ്രവര്‍ത്തകരുടെ സേവനവും ഉപകരണങ്ങളും ഭക്ഷണവും മരുന്നും വെള്ളവും ലഭ്യമാക്കാമെന്ന് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: