ന്യൂദല്‍ഹി: യാത്രാരേഖകള്‍ ശരിയാംവണ്ണം പരിശോധിക്കാത്ത എയര്‍ ഇന്ത്യയുടെ അനാസ്ഥ വിമാന ജീവനക്കാരിയെ കുഴപ്പത്തിലാക്കി. സാധുതയില്ലാത്ത വിസയുമായി റഷ്യയിലിറങ്ങിയ അവര്‍ പതിനെട്ടു മണിക്കൂറോളം തടഞ്ഞുവയ്ക്കപ്പെട്ടു.
എയര്‍ ഇന്ത്യയുടെ ദല്‍ഹി-മോസ്കോ വിമാനത്തിലെ എയര്‍ ഹോസ്റ്റസിനെയാണ് അധികൃതരുടെ പിടിപ്പുകേട് സംഘര്ഷത്തില്പ്പെടുത്തിയത്. ഞായാഴ്ച പ്രാബല്യത്തില്‍ വരുന്ന റഷ്യന്‍ വിസകളാണ് കമ്പനി അധികൃതര്‍ എയര്‍ ഹോസ്റ്റസിന് നല്‍കിയിരുന്നത്. എന്നാല്‍ യാത്ര രേഖകളില്‍ ഒന്നു കണ്ണോടിക്കുക പോലും ചെയ്യാതെ ഒരു ദിവസം മുന്‍പേ തന്നെ അവരെ ഡ്യൂട്ടിക്കു നിയോഗിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ മോസ്കോ എയര്‍പോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍ എയര്‍ ഹോസ്റ്റസിന്റെ വിസ വിലയില്ലാത്തതാണെന്നു തെളിഞ്ഞു. തുടര്‍ന്ന് ജീവനക്കാരിയെ ട്രാന്‍സിറ്റ് മേഖലയിലേക്ക് മാറ്റി. ഒടുവില്‍ ഞായാറാഴ്ച വിസ പ്രാബല്യത്തിലായതിനുശേഷം എയര്‍ ഹോസ്റ്റസിന് പുറത്തിറങ്ങാന്‍ അനുവദിക്കുകയായിരുന്നു. സംഭവത്തിന്റെ പേരില്‍ എയര്‍ ഇന്ത്യയ്ക്ക് ഒരു ലക്ഷം റഷ്യന്‍ റൂബിള്‍സ് പിഴചുമത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കമ്പനി അതു നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: