റായ്പുര്‍: ചാമ്പ്യന്‍സ് ലീഗ് ട്വന്റി20 യോഗ്യതാ റൗണ്ടില്‍ പാക് ടീം ലാഹോര്‍ ലയണ്‍സിനെ 72 റണ്‍സിന് നിഷ്പ്രഭമാക്കിയ ന്യൂസിലാന്റ് പ്രതിനിധി നോര്‍ത്തേണ്‍ നൈറ്റ്സ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യതനേടി. മികച്ച റണ്‍റേറ്റാണ് നൈറ്റ്സിന്റെ മുന്നേറ്റം സാധ്യമാക്കിയത്. രണ്ടു മത്സരങ്ങളും ജയിച്ച കിവി സംഘത്തിനിപ്പോള്‍ 8 പോയിന്റ് സ്വന്തം. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത നൈറ്റ്സ് ക്യാപ്റ്റന്‍ ഡാനിയേല്‍ ഫ്ളെയ്ന്‍ (53), ബി.ജെ.വാട്ലിങ് (53) എന്നിവരുടെ മികവില്‍ ആറു വിക്കറ്റ് ബലിയര്‍പ്പിച്ച് 170 റണ്‍സ് വാരി. ഐസാസ് ചീമ (3 വിക്കറ്റ്) ലയണ്‍സ് ബൗളര്‍മാരില്‍ കേമന്‍. മറുപടിക്കിറങ്ങിയ ലയണ്‍സ് 18 ഓവറില്‍ 98 റണ്‍സിന് ഓള് ഔട്ടായി. സാദ് നസീം (58) ഒഴികെ മറ്റാരും രണ്ടക്കം കടന്നില്ല. മൂന്നു പേരെ പുറത്താക്കിയ ടിം സൗത്തിയും ട്രെന്റ് ബൗള്‍ട്ടും (2) ഇഷ് സോധിയും (2) ചേര്‍ന്നാണ് ലയണ്‍സിനെ തകര്‍ത്തത്.
ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ലാഹോര്‍ ലയണ്‍സ് ആറു വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനു വിളിക്കപ്പെട്ട ഇന്ത്യന്‍സ് 20 ഓവറില്‍ 7ന് 135 എന്ന സ്കോറില്‍ ഒതുങ്ങി. ലയണ്‍സ് 18.4 ഓവറില്‍ നാലു വിക്കറ്റ് കളഞ്ഞ് 139 റണ്‍സെടുത്ത് ലക്ഷ്യം താണ്ടി.
നസീര്‍ ജംഷദും (26) അഹമ്മദ് ഷെഹ്സാദും (34) ചേര്‍ന്ന് ലയണ്‍സിന് മികച്ച തുടക്കമാണ് നല്‍കിയത്. പക്ഷേ, ഓപ്പണര്‍മാരെയും നായകന് മുഹമ്മദ് ഹഫീസിനെയും (18) സാദ് നസീമിനെ(6)യുമൊക്കെ അടുത്തടുത്ത് കൈവിട്ട പാക് പ്രതിനിധി പരുങ്ങി. അവസാന മൂന്ന് ഓവറില്‍ 26 എന്ന കണക്ക് അവരുടെ മുന്നിലെത്തി. എന്നാല്‍ പതറാതെ കളിച്ച ഉമര്‍ അക്മല്‍ ( 18 പന്തില്‍ 38 നോട്ടൗട്ട്, നാല് ഫോര്‍, രണ്ട് സിക്സ്) അസിഫ് റാസയെ (14 നോട്ടൗട്ട്) കൂട്ടുപിടിച്ച് ലയണ്‍സിനെ വിജയതീരമണച്ചു. മുംബൈയ്ക്കുവേണ്ടി പ്രഗ്യാന്‍ ഓജ രണ്ടു വിക്കറ്റ് വീഴ്ത്തി. നേരത്തെ, ലയണ്‍സ് ബൗളര്‍മാര്‍ മുംബൈ ബാറ്റ്സ്മാന്മാര്ക്ക് യാതൊരു സ്വാതന്ത്ര്യവും അനുവദിച്ചില്ല. ആദിത്യ താരെ (37), മൈക്ക് ഹസി (28), പ്രവീണ്‍ കുമാര്‍ (20 നോട്ടൗട്ട്) തുടങ്ങിയവര്‍ ഇന്ത്യന്‍സിന്റെ മുഖ്യ സ്കോറര്‍മാര്‍. ഐസാസ് ചീമയും വഹാബ് റിയാസും രണ്ടിരകളെ വീതം കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: