കൊച്ചി: ഇടതുപക്ഷപാര്‍ട്ടികളിലെ, പ്രത്യേകിച്ച് സിപിഎമ്മിലെ അസ്വസ്ഥരായ അണികള്‍ നിശ്ശബ്ദ വിപ്ലവത്തിനൊരുങ്ങുന്നു. അവസാന താക്കീതെന്ന നിലയില്‍ നടത്തുന്ന പരീക്ഷണംകൊണ്ടും പാര്‍ട്ടികള്‍ തെറ്റുതിരുത്തുന്നില്ലെങ്കില് പുതിയ വഴി തേടുകയെന്നതാണ് നയം. വിവിധ ഇടതു പാര്‍ട്ടികളിലെ അസംതൃപ്തര്‍ പ്രാദേശിക നേതൃത്വം വഴി രൂപപ്പെടുത്തിയ നിലപാടാണിത്.
ഇടതുപക്ഷ പാര്‍ട്ടികളിലെ അപചയം വിനാശകരമായ അവസ്ഥയില്‍ എത്തിയെങ്കിലും പാര്‍ട്ടിക്കൂറ് പരസ്യമായി മുറിച്ചുകളയാനിവര്ക്ക് മടിയുണ്ട്. മാത്രമല്ല പരസ്യപ്രഖ്യാപനങ്ങള്‍ സംസ്ഥാനത്ത് അക്രമരാഷ്ട്രീയത്തിന് വഴിയൊരുക്കുമെന്നും അവര്‍ ഭയക്കുന്നു. ഈ സാഹചര്യത്തില്‍ ഒത്തുവരുന്ന ആദ്യ അവസരത്തില്‍ നിശ്ശബ്ദ വിപ്ലവത്തിന് വഴിതുറക്കാനാണ് ആസൂത്രണം.
വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് എതിരായി, ഇടതുപാര്‍ട്ടികള്‍ക്ക് താക്കീതായി തന്ത്രപരമായ വോട്ടിംഗ് നടത്താനാണ് തീരുമാനം. വോട്ട് ബിജെപിക്ക് ചെയ്യുന്നതിനും മടിക്കേണ്ടെന്നും ചിലര്‍ക്ക് അഭിപ്രായമുണ്ട്. അതല്ലെങ്കില്‍ സ്ഥാനാര്‍ത്ഥികളില്‍ പൊതുസമ്മതരെ പാര്‍ട്ടി നോക്കാതെ വിജയിപ്പിക്കുകയെന്ന ആശയവുമുണ്ട്.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവും തുടര്‍സംഭവങ്ങളും സിപിഐ അണികളെയും പ്രാദേശിക നേതാക്കളെയും വല്ലാതെ ഉലച്ചിട്ടുണ്ട്. ആലപ്പുഴ, തൃശൂര്‍, കോട്ടയം ജില്ലകളിലും തിരുവനന്തപുരത്തും അണികള്‍ക്ക് പാര്‍ട്ടി നേതൃത്വത്തോട് അതിശക്തമായ എതിര്‍പ്പാണ.് സിപിഎമ്മിനോടുമുണ്ട് എതിര്‍പ്പ്. ഈ സാഹചര്യത്തില്‍ ഒരു ഷോക്ക് കൊടുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണക്കാന്‍ മടിക്കേണ്ടെന്നാണ് പ്രാദേശിക നേതാക്കളുടെ പക്ഷം. എന്നാല്‍ ഒരുതരത്തിലും ഇത് പരസ്യമായി പ്രഖ്യാപിക്കുകയോ പ്രകടിപ്പിക്കുകയോ ചെയ്യരുതെന്നും ധാരണയുണ്ട്.
ടി.പി. ചന്ദ്രശേഖരന് വധത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സംഭവങ്ങളില്‍ നിന്ന് പഠിക്കാത്ത സിപിഎം നേതൃത്വം കണ്ണൂരില്‍ ആര്‍എസ്എസ് നേതാവ് മനോജിനെ വധിച്ചു. ഈ സാഹചര്യത്തില്‍ നേതാക്കളുടെ താന്തോന്നിത്തങ്ങള്‍ക്ക് താക്കീത് കൊടുക്കണമെന്ന് ചിന്തയുള്ള വലിയൊരു വിഭാഗം സിപിഎമ്മിലുണ്ട്. വരുന്ന തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ ഉള്‍പ്പെടെ പാര്‍ട്ടി അണികളുടെ പ്രതികരണമുണ്ടാകും. പരസ്യപ്രഖ്യാപനം നടത്തി പാര്‍ട്ടിയില്‍ നിന്ന് കൂട്ടമായി പോകുന്നതിനേക്കാള്‍ ഗുണംചെയ്യുക നിശ്ശബ്ദ പ്രതികരണമായിരിക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. സിപിഎം സംസ്ഥാന നേതൃത്വത്തിനോടുള്ള വിയോജിപ്പും ജില്ലാ നേതൃത്വത്തിനോടുള്ള അമര്‍ഷവും പ്രകടിപ്പിക്കാനുള്ള അവസരമാകും അവര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പ്. പാലക്കാട്, കോഴിക്കോട്, കൊല്ലം, എറണാകുളം ജില്ലകളിലാണ് സിപിഎമ്മിന് എതിരായ നിശ്ശബ്ദ നീക്കങ്ങള്‍ സംഘടിതമായി നടക്കുന്നത്.
ദേശീയതലത്തില്‍ കോണ്‍ഗ്രസിന് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കിട്ടിയ പ്രഹരം പോലൊന്ന് കേരളത്തില്‍ ഇടതുപക്ഷത്തിനുണ്ടാവണമെന്നാണ് ഇനിയും ഇടതുപക്ഷ വിമതരായിട്ടില്ലാത്ത ഇക്കൂട്ടരുടെ ചിന്ത. അവസാന താക്കീതിലും പഠിച്ചില്ലെങ്കില്‍ പുതിയ വഴി തേടുകയാണവര്‍. സിപിഎം നേതൃത്വത്തോട്, പ്രത്യേകിച്ച് സെക്രട്ടറി പിണറായി വിജയനോട് നേരിട്ട് കലഹിച്ചുപിരിഞ്ഞ എം.ആര്. മുരളി ഷൊര്‍ണൂരില്‍ വീണ്ടും സിപിഎമ്മിലെത്തിയതില് ഇരുപക്ഷത്തെയും അണികള്ക്കമര്ഷമുണ്ട്. സിഎംപിയില്‍ പിളര്‍പ്പുണ്ടായതും തുടര്‍സംഭവങ്ങളും ഒരു വിഭാഗം സിപിഎമ്മിനോട് ചായ്വ് കാണിക്കുന്നതും രണ്ടുപക്ഷത്തിലും അനുഭാവികളില്‍ അസ്വസ്ഥത ഉണ്ടാക്കുന്നു. കെ.ആര്. ഗൗരിയമ്മയുടെ ജെഎസ്എസിന്റെ കാര്യത്തിലും ഇതേ പ്രശ്നമുണ്ട്. കൊല്ലത്ത് ആര്‍എസ്പിയുടെ മുന്നണി മാറ്റത്തിലും അനുഭാവികള്‍ക്ക് അസ്വാരസ്യമുണ്ട്.
കോണ്‍ഗ്രസിലും മുന്നണിയിലും ഈ പ്രശ്നങ്ങള്‍ സമാനമാണ്. മുസ്ലിംലീഗ് ഒഴികെ ഒരു പാര്‍ട്ടിയും മുന്നണിയില്‍ തൃപ്തരല്ല. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഇടത്-വലത് മുന്നണികളില്‍ മാറിമാറിക്കൊടുക്കുന്ന വിശ്വാസവോട്ട് ഇക്കുറി മാറ്റിക്കുത്തണമെന്ന ചിന്ത പ്രബലമായിട്ടുണ്ട്.
പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പിലെ നിശ്ശബ്ദവിപ്ലവത്തിന് സാധുതയും സാധ്യതയും ഏറെയാണെന്ന് ഇക്കൂട്ടര്‍ വിലയിരുത്തുന്നു. കാരണം രാഷ്ട്രീയത്തിന് അതീതമായി വോട്ടിംഗ് നടക്കുന്ന വേദിയാണിത്. ഒരു കാരണവശാലും പാര്‍ട്ടികളുമായി ഏറ്റുമുട്ടലിന് വഴിയൊരുക്കരുതെന്ന നിര്‍ബന്ധം ഉള്ളതിനാല്‍ നിശ്ശബ്ദവിപ്ലവത്തിനാണ് രഹസ്യ നീക്കങ്ങള്‍. പാര്‍ട്ടികള്‍ക്കുള്ളില്‍ത്തന്നെ നിന്ന് പാര്‍ട്ടിക്ക് താക്കീതുകൊടുക്കുക എന്ന ആശയത്തിന് അതിവേഗം സ്വീകാര്യത കിട്ടുന്നുവെന്നാണ് ഈ പദ്ധതിയുടെ ആസൂത്രകരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്.
കാവാലം ശശികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: