കൊച്ചി: കണ്ണൂരില്‍ ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ. മനോജിനെ സിപിഎം അക്രമികള്‍ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടതിനെ അനുകൂലിച്ച് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്. സിബിഐ അനേ്വഷണമല്ലാതെ സര്‍ക്കാരിന് മറ്റെന്താണ് പോംവഴിയെന്നാണ് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് വിഎസ് പ്രതികരിച്ചത്.
മനോജ് വധത്തില്‍ സിബിഐ അന്വേഷണത്തെ സിപിഎം നേതൃത്വം ഭയക്കുകയും ശക്തമായി എതിര്‍ക്കുകയും ചെയ്യുമ്പോഴാണ് അത്തരമൊരു അന്വേഷണത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള വിഎസിന്റെ പ്രതികരണം. കേസില്‍ സിപിഎം കിഴക്കെ കതിരൂര്‍ വെസ്റ്റ് ബ്രാഞ്ച് കമ്മറ്റിയംഗമായ വിക്രമന് കീഴടങ്ങിയതിന്റെ പിന്നില്‍ സിബിഐ അന്വേഷണത്തെ തടയുക എന്ന സിപിഎം തന്ത്രമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൊലപാതകത്തിലെ ഗൂഢാലോചന ഉള്‍പ്പെടെ പുറത്തുകൊണ്ടുവരാന്‍ സിബിഐ അനേ്വഷണത്തിലൂടെ കഴിയുമെന്നതാണ് സിപിഎം നേതൃത്വത്തെ വിറളിപിടിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണത്തെ പരസ്യമായി സ്വാഗതം ചെയ്തുകൊണ്ടുള്ള വിഎസിന്റെ പ്രസ്താവന സിപിഎം നേതൃത്വത്തെ വെട്ടിലാക്കുന്നത്.
മനോജിനെ കൊലപ്പെടുത്തിയതിന്റെ തൊട്ടുപിന്നാലെ വന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ പി. ജയരാജന്റെ മകന് ജയിന്‍രാജിനെതിരെ പോലീസ് കേസെടുത്തതിനെ വിഎസ് അനുകുലിച്ചിരുന്നു. കേസെടുത്തത് സ്വാഭാവിക നടപടിയാണെന്നായിരുന്നു വിഎസ് പറഞ്ഞത്. മനോജിന്റെ കൊലപാതകത്തില്‍ ആഹഌദം പ്രകടിപ്പിക്കുകയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ജയിന്‍രാജ് ചെയ്തത്. ജയിന്‍രാജിനെതിരെ കേസെടുത്ത നടപടിയെ ശരിവെച്ച വിഎസിനെതിരെ സിപിഎം ചാനല്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.
ടി.പി. ചന്ദ്രശേഖരന് വധക്കേസിലെന്നപോലെ ആര്‍എസ്എസ് നേതാവ് മനോജിന്റെ വധത്തിലും വി.എസ്. അച്യുതാനന്ദന് എടുക്കുന്ന നിലപാടുകള്‍ സിപിഎം ഔദ്യോഗിക നേതൃത്വത്തിന്റെ കൊലപാതക രാഷ്ട്രീയത്തെ തുറന്നുകാട്ടുന്നതാണ്.
ടിപി വധക്കേസില്‍ പാര്‍ട്ടിക്കുള്ളില്‍ വിഎസ് നടത്തിയ കലാപം സിപിഎമ്മിനെ വെട്ടിലാക്കിയിരുന്നു. മനോജ് വധക്കേസിലും വിഎസ് സമാനമായ നിലപാട് സ്വീകരിക്കുന്നത് സിപിഎമ്മിന് തിരിച്ചടിയാവുമെന്ന് തീര്‍ച്ചയാണ്. സിബിഐ അന്വേഷണത്തിനെതിരെ കണ്ണൂര്‍ ജില്ലയില്‍ വീടുകള്‍ കയറിയിറങ്ങി സിപിഎം പ്രചാരണം നടത്തുമ്പോഴാണ് അന്വേഷണം വരുന്നതിനെ ന്യായീകരിച്ച് വിഎസ് രംഗത്തെത്തിയിരിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ടിപി വധക്കേസിലെന്നപോലെ മനോജിനെ കൊലപ്പെടുത്തിയ സംഭവത്തിലും പിണറായിപക്ഷത്തിനൊപ്പം നില്ക്കുന്ന സിപിഎം കേന്ദ്ര നേതൃത്വത്തെയും കേസ് സിബിഐ അന്വേഷിക്കട്ടെയെന്ന വിഎസിന്റെ നിലപാട് പ്രതിരോധത്തിലാക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: